June 26, 2024
June 26, 2024
ദോഹ: പ്രവാസി വെൽഫെയർ തൃശൂരും തൃശൂർ യൂത്ത് ക്ലബും ചേർന്ന് പെരുന്നാളാഘോഷങ്ങളുടെ ഭാഗമായി ഐ.സി.സി അശോക ഹാളിൽ 'ഈണം 2024' സംഘടിപ്പിച്ചു. പ്രവാസികൾക്കിടയിൽ സർഗാത്മകത പരിപോഷിപ്പിക്കാനും സാംസ്കാരിക ഐക്യം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രമുഖ മിമിക്രി ആർട്ടിസ്റ്റായ ഇസ്മായിൽ നന്തി അവതരിപ്പിച്ച സ്പോട് ഡബ്ബിങ് കാണികളിൽ ചിരിയുണർത്തി. നടനും സംവിധായകനുമായ ലത്തീഫ് ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടന്ന ഒപ്പന, മാർഗംകളി, ഡാൻസ്, ഖവാലി, നാടകം തുടങ്ങിയ കലാപരിപാടികൾ പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചു വിവിധ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന കലാകാരന്മാർ ചേർന്നൊരുക്കിയ വാദ്യമേളവും ആസ്വാദകരുടെ ശ്രദ്ധ നേടി.ഗാനമേളയും രജീഷും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളും അരങ്ങേറി.
കുവൈത്തിൽ തീപിടുത്തത്തിൽ മരണപ്പെട്ട മലയാളികൾക്കും ഖത്തറിൽ മരണപ്പെട്ട രണ്ടു വിദ്യാർത്ഥികൾക്കും കലാകാരനായ വസന്തൻ പൊന്നാനിയുടെ അച്ഛനും വേദിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു . പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്ര മോഹൻ ആശംസ പറഞ്ഞു. ടൈറ്റിൽ സ്പോൺസറായ BARQ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ, പ്രോഗ്രാം കൺവീനർ ഷെറിൻ മുഹമ്മദിൽ നിന്ന് മൊമന്റോ ഏറ്റുവാങ്ങി.
തൃശ്ശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതിയ 'ഈണം 2024', പരിപാടി പ്രവാസി സമൂഹത്തിന്റെയും തൃശൂർ സ്വദേശികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.