Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി

March 28, 2024

news_malayalam_sports_news_updates

March 28, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

റിയാദ്​: സൗദി അറേബ്യയെ സ്നേഹിക്കുന്നുവെന്നും ഫുട്​ബാളിൽ നിന്ന്​ വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ലോക ഫുട്​ബാൾ താരം ലയണൽ മെസ്സി. ‘ബിഗ് ടൈം’ എന്ന സൗദി പോഡ്​കാസ്​റ്റ്​ ചാനലിൽ പ്രമുഖ ഈജിപ്​ഷ്യൻ മാധ്യമപ്രവർത്തകൻ അംറ്​ അൽ അദീബിന്റെ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി ടൂറിസം അംബാസഡർ കൂടിയായ മെസ്സി നിരവധി തവണ സൗദി അറേബ്യ സന്ദർശിച്ചിട്ടുണ്ട്​. സൗദി അറേബ്യയോടുള്ള തന്റെ സ്നേഹവും അർജൻറീനിയൻ താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

"ഞാൻ സൗദി അറേബ്യയിൽ വരുമ്പോഴെല്ലാം എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് എല്ലാവരോടും നന്ദി പറയുന്നു. നേരത്തെ സൗദി സന്ദർശിക്കാൻ അവസരം ലഭിച്ചു. വീണ്ടും സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ട്. നിങ്ങളുടെ രാജ്യത്ത്, നിങ്ങളുടെ സംസ്​കാരത്തിൽ, നിങ്ങളുടെ അതുല്യമായ സ്ഥലത്ത്​ ഞാൻ കണ്ടെത്തിയതെന്തോ അതിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ ഊഷ്​മളമായ സ്വീകരണത്തിന് ഞാൻ എപ്പോഴും നന്ദി പറയുന്നു. അതിന്​ ഞാൻ നിങ്ങൾക്ക് വലിയൊരു ആശംസ അയക്കുന്നു. സൗദി അറേബ്യയിൽ ഇൻറർ മിയാമിക്കൊപ്പം വന്ന്​ വീണ്ടും കളിക്കാനായി കാത്തിരിക്കുകയാണ്. ഈ സ്നേഹമെല്ലാം ആസ്വദിക്കുന്നത് തുടരും. ഞങ്ങൾ കളിക്കുന്ന കളികൾ നിങ്ങൾ ആസ്വദിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നെ സ്നേഹിക്കുകയും ഇപ്പോഴും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാ ആളുകളോടും ഞാൻ എപ്പോഴും നന്ദിയുള്ളവനാണ്," മെസ്സി പറഞ്ഞു.

"എനിക്ക് ഇനി പ്രകടനം നടത്താൻ കഴിയില്ലെന്നും, എന്റെ ടീമിന് ഞാൻ ഇനി പ്രയോജനം നൽകുന്നില്ലെന്നും എനിക്ക്​ ബോധ്യപ്പെടുന്ന ആ നിമിഷം ഞാൻ വിരമിക്കും. എന്നെത്തന്നെ വിമർശിക്കാൻ മിടുക്കനായ വ്യക്തിയാണ് ഞാൻ. എപ്പോൾ ഞാൻ നല്ലവനാകുന്നു, എ​പ്പോൾ നന്നായി കളിക്കുന്നു, എപ്പോൾ ചീത്തയാകുന്നു എന്നതെല്ലാം എനിക്കറിയാൻ കഴിയും. നടപടി സ്വീകരിക്കേണ്ട സമയമായി എന്ന് എനിക്ക് തോന്നുമ്പോൾ ഞാൻ ചിന്തിക്കാതെ അത് ചെയ്യും. എനിക്ക് സുഖം തോന്നുന്നിടത്തോളം ഞാൻ എപ്പോഴും മത്സരത്തിൽ തുടരാൻ ശ്രമിക്കും. കാരണം അതാണ് ഞാൻ ഇഷ്​ടപ്പെടുന്നതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. 

"ഞാൻ റൊമാൻറിക് അല്ല, പക്ഷേ ചില കാര്യങ്ങളിൽ ഞാൻ ശ്രദ്ധാലുവാണ്. എന്റെ കുടുംബത്തെയും കുട്ടികളെയും പരിപാലിക്കുന്നതിൽ ഞാൻ അതീവ ശ്രദ്ധ കൊടുക്കാറുണ്ട്​. എന്റെ കുട്ടികളുമായി ഫുട്ബാളും വീഡിയോ ഗെയിമുകളും കളിക്കുന്നതിനെ ഞാനേറെ ഇഷ്​ടപ്പെടുന്നു.

എല്ലാത്തരം സംഗീത​ങ്ങളെയും എനിക്ക് ഇഷ്​ടമാണ്​. പക്ഷേ സംഗീതോപകരണങ്ങൾ വായിക്കാനോ പാടാനോ കഴിയില്ലെന്നുള്ളത് എനിക്ക് വിഷമമാണ്. അതുപോലെ കൃത്യമായി ഒരു സന്ദർഭം ചൂണ്ടിക്കാണിക്കാൻ ബുദ്ധിമുട്ടാണെങ്കിലും സങ്കടകരമായ ഒരു കാര്യമുണ്ടായാൽ ഞാൻ കരയും. വളരെ വൈകാരികതയുള്ള ഹൃദയ ദൗർബല്യമുള്ള വ്യക്തിയാണെന്നും കരയിപ്പിക്കുന്ന സാഹചര്യത്തെക്കുറിച്ച്​ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

കുടുംബത്തിന് എപ്പോഴും സമയമുണ്ട്. ഞാൻ എപ്പോഴും എന്റെ കുട്ടികളോടും ഭാര്യയോടും ഒപ്പം ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽ പോലും ആസ്വാദ്യത കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഒരു പിതാവ് തന്റെ കുട്ടികളുമായി എങ്ങനെയായിരിക്കുമോ അങ്ങനെ തന്നെയാണ്​ ഞാനും. കുട്ടികളോടൊപ്പം ഫുട്​ബാളും വീഡിയോ ഗെയിമുകളും കളിക്കും. കുടുംബത്തോടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നു എന്ന ചോദ്യത്തിന്​​ മെസ്സി മറുപടി പറഞ്ഞു. 

അടുത്തിടെ ‘ഗെയിം ഓഫ് ത്രോൺസ്’ എന്ന വെബ്​ സീരീസ്​ കണ്ടെന്നും വളരെയധികം ഇഷ്​ടമായതിനാൽ ഒന്നിലധികം തവണ​ കണ്ടുവെന്നും ഇഷ്​ടപ്പെടുന്ന സിനിമകളെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി​ മെസി പറഞ്ഞു. അർജൻറീനയിലെ കുട്ടിക്കാലത്തെക്കുറിച്ചും ബാഴ്‌സലോണയിലെ യുവത്വത്തെക്കുറിച്ചും ഹൃദയാവർജകമായി അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News