ഖത്തർ സർക്കാർ മേഖലയിലെ 'ഫ്ലെക്സിബിൾ വർക്ക് സിസ്റ്റം ജോലി-ജീവിത ബാലൻസ് നിലനിർത്തുന്നതായി വിലയിരുത്തൽ
October 27, 2024
October 27, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഫ്ലെക്സിബിൾ, റിമോട്ട് വർക്ക് സിസ്റ്റം നടപ്പിലാലാക്കിയ തീരുമാനത്തെ സിവിൽ സർവീസ് ആൻഡ് ഗവൺമെൻ്റ് ഡെവലപ്‌മെൻ്റ് ബ്യൂറോയുടെ (സിജിബി)ഉദ്യോഗസ്ഥരും വിദഗ്ധരും സ്വാഗതം ചെയ്തു. അടുത്തിടെ ഒരു ഖത്തർ ടിവി പ്രോഗ്രാമിൽ സംസാരിക്കവെ, ജീവനക്കാർക്ക് നല്ല തൊഴിൽ അന്തരീക്ഷം നൽകാൻ പുതിയ സംവിധാനം സഹായിച്ചുവെന്ന് അവർ പറഞ്ഞു.
പുതുതായി അവതരിപ്പിച്ച സംവിധാനം കുടുംബങ്ങളെയും, പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാരെയും സഹായിക്കുമെന്ന് വിദഗ്ധർ വിലയിരുത്തി. ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഈ സംവിധാനം അവസരമൊരുക്കുന്നതായി സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിലെ കുടുംബ വികസന വകുപ്പ് ഡയറക്ടർ ദാബിയ അൽ മുഖ്ബാലി പറഞ്ഞു.
“പുതിയ തീരുമാനം മാതാപിതാക്കളെ, പ്രത്യേകിച്ച് ജോലി ചെയ്യുന്ന അമ്മമാർക്ക് കുട്ടികളെ പരിപാലിക്കാനും അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും അവരിൽ മൂല്യങ്ങൾ വളർത്താനും പ്രാപ്തരാക്കും. ഖത്തർ നാഷണൽ ഡെവലപ്‌മെൻ്റ് സ്ട്രാറ്റജി 2030 ന് അനുസൃതമായാണ് തീരുമാനം,” അൽ മുഖ്ബാലി പറഞ്ഞു.
ഫ്ലെക്‌സിബിൾ വർക്ക് സിസ്റ്റത്തിലൂടെ ജീവനക്കാർക്ക് ഒരേ സമയം കുടുംബത്തോടുള്ള പ്രതിബദ്ധതയും, ഔദ്യോഗിക ജോലികൾ കൈകാര്യം ചെയ്യാനും സഹായിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്‌മെൻ്റ് സെൻ്റർ (ക്യുസിഡിസി) ആക്ടിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സാദ് അബ്ദുല്ല പറഞ്ഞു. ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ രാവിലെ 7 മണിക്ക് സ്‌കൂളിൽ ഇറക്കി 8.30 ന് മുമ്പ് ഓഫീസിൽ പോകാമെന്നത് കുടുംബത്തിന് വലിയ സഹായമാണെന്ന് വർക്ക്ഫോഴ്‌സ് ഡെവലപ്‌മെൻ്റ് ട്രെയിനർ ഖാലിദ് ബൗ മോസും പറഞ്ഞു.
സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഫ്ലെക്സിബിൾ, റിമോട്ട് വർക്ക് സിസ്റ്റം നടപ്പിലാക്കാൻ അനുവദിക്കുന്ന നിയമം സെപ്റ്റംബർ 29 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2024 സെപ്‌റ്റംബർ 4നാണ് ഫ്ലെക്സിബിൾ, റിമോട്ട് വർക്ക് സിസ്റ്റം നിയമം കാബിനറ്റ് അംഗീകരിച്ചത്. "മവാർഡ്" സിസ്റ്റം വഴി സർക്കാർ ജീവനക്കാർക്ക് റിമോട്ട് വർക്ക് സിസ്റ്റത്തിന് അപേക്ഷിക്കാം. പുതിയ പ്രഖ്യാപന പ്രകാരം,സർക്കാർ മേഖലയിലെ ഏഴ് മണിക്കൂർ ജോലി സമയം സൗകര്യപ്രദമായ തരത്തിൽ ചെറിയ രീതിയിൽ ക്രമീകരിക്കാൻ ജീവനക്കാർക്ക് അനുവാദമുണ്ടാകും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയുള്ള പ്രവർത്തിസമയത്തിൽ ഭേദഗതി വരുത്താനാണ് അനുമതിയുണ്ടാവുക. ഇതനുസരിച്ച് ജോലി ആവശ്യകതകളെ ബാധിക്കാതെ രാവിലെ 6:30 നും 8:30 നുമിടയിൽ ജോലിയിൽ പ്രവേശിക്കാം.
വർക്ക് ഫ്രം ഹോം അനുമതി ലഭിക്കുന്നതിന്, ജീവനക്കാർക്ക് ആവശ്യമായ ദിവസങ്ങളുടെ എണ്ണം നൽകുകയും തീയതികൾ വ്യക്തമാക്കുകയും ചെയ്തുകൊണ്ട് സിസ്റ്റത്തിൽ ഒരു അഭ്യർത്ഥന നൽകാം. അപേക്ഷകൾ അംഗീകാരത്തിനായി അപേക്ഷകന്റെ ഡയറക്ടർക്ക് നേരിട്ട് അയയ്ക്കും. അപേക്ഷയ്‌ക്കൊപ്പം കുട്ടിയുടെ സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യണം. ഔദ്യോഗിക പ്രവർത്തി സമയം പാലിക്കുകയും, സർക്കാർ മേഖലയിലെ ജോലി ആവശ്യകതകളെ ഇത് ബാധിക്കാതിരിക്കുകയും ചെയ്താൽ, ഫ്ലെക്സിബിൾ ടൈമിംഗ് അനുസരിച്ച് ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നു.
സവിശേഷതകൾ:
1) രാവിലെ 6:30നും 8:30നും ഇടയിൽ ജോലിക്കെത്തിയാൽ മതി
2) ദിവസവും 7 മണിക്കൂർ ജോലി സമയം ഉറപ്പാക്കണം
3) വർഷത്തിൽ ഒരാഴ്ച വർക്ക് ഫ്രം ഹോം
4) ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് നിയമം ബാധകമല്ല
5) ശാരീരിക വെല്ലുവിളി, മെഡിക്കൽ കാരണങ്ങൾ, അല്ലെങ്കിൽ നഴ്സിങ്ങിന് വേണ്ടിയുള്ള രണ്ട് മണിക്കൂർ (ജോലി ചെയ്യുന്ന അമ്മമാർക്ക്) എന്നിവ കൊണ്ട് ജോലി സമയം കുറയ്ക്കാൻ ജീവനക്കാരന് അർഹതയുണ്ട്.
6) അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം,ഡിപ്പാർട്ടമെന്റ് തലവന് അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 30 ശതമാനം കുറയാത്ത രീതിയിlൽ , മറ്റു ജീവനക്കാരെ വിദൂരമായി ജോലി ചെയ്യാൻ അനുവദിക്കാൻ അധികാരമുണ്ട്.
7) 12 വയസ്സിൽ കവിയാത്ത കുട്ടികളുള്ള ഖത്തറി അമ്മമാർക്ക് വർഷം തോറും ഒരു മാസത്തേക്ക് റിമോട്ട് ജോലി അനുവദിക്കും.