Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
മൂന്നര വർഷം മുമ്പ് റിയാദിൽ കാണാതായ തൃശൂർ മതിലകം സ്വദേശിനി ഫാത്തിമക്ക് സംഭവിച്ചത്,ഒടുവിൽ നാട്ടിലെത്തി

June 22, 2022

June 22, 2022

റിയാദ്: മൂന്നര വർഷം മുമ്പ് സൗദിയിൽ കാണാതായ തൃശൂർ മതിലകം സ്വദേശിനി ഹനീഫ ഫാത്തിമ ഒടുവിൽ നാട്ടിലെത്തി.സാമൂഹിക പ്രവർത്തകരുടെ തുടർച്ചയായ പരിശ്രമങ്ങളെ തുടർന്നാണ് ഫാത്തിമയെ കണ്ടെത്തി നാട്ടിലേക്കയക്കാൻ കഴിഞ്ഞത്.

മൂന്നര വർഷം മുമ്പാണ് ഫാത്തിമ നാട്ടിൽ നിന്നും റിയാദിനടുത്തുള്ള അൽഖർജിൽ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിക്കായി എത്തിയത്. എന്നാൽ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ മോശമായിരുന്നു. രാപകൽ വിശ്രമമില്ലാതെ പണി എടുപ്പിച്ചെങ്കിലും, വന്നിട്ട് ആറു മാസങ്ങൾ കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമാണ് ആ വീട്ടുകാർ കൊടുത്തത്. സ്പോൺസറോട് പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.

ഒടുവിൽ സഹികെട്ട് അവിടെ നിന്നും  പുറത്ത് ചാടിയ ഫാത്തിമയെക്കുറിച്ചുള്ള ഒരു വിവരവും പിന്നീട് അവരുടെ ബന്ധുക്കൾക്ക് ലഭിച്ചില്ല.  അവർ പല വഴിയ്ക്കും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നാട്ടിലുള്ള ഫാത്തിമയുടെ മകൻ, ഒരു മാധ്യമ പ്രവർത്തകനുമായി ബന്ധപ്പെടുകയും മൂന്ന് വർഷത്തോളമായി ഉമ്മയെ കുറിച്ച്  അറിവില്ലെന്നും അവരെ കണ്ടെത്തി നാട്ടിലെത്തിക്കണമെന്നും അഭ്യർത്ഥിക്കുകയായിരുന്നു. അദ്ദേഹമാണ് ദമ്മാമിലെ നവയുഗം ജീവകാരുണ്യ വിഭാഗത്തെ ഈ വിവരം അറിയിച്ചത്. നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകത്തിന്റെ സഹായത്തോടെ, പദ്‍മനാഭൻ മണിക്കുട്ടന്റെ നേതൃത്വത്തിൽ ജീവകാരുണ്യവിഭാഗം നടത്തിയ ദീർഘമായ അന്വേഷണത്തിന് ഒടുവിൽ, ഫാത്തിമ ജിദ്ദയിൽ ഒരു വീട്ടിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.

നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടൻ ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ഫാത്തിമ തന്റെ അനുഭവകഥ പറഞ്ഞു. അൽഖർജിലെ ജോലിസ്ഥലത്തു നിന്നും പുറത്തു ചാടിയ ഫാത്തിമയെ, സാമൂഹ്യപ്രവർത്തകൻ എന്ന വ്യാജേന ഒരാൾ ജിദ്ദയിൽ ചെന്നാൽ നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഫൈനൽ എക്സിറ്റ് തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞു രണ്ടായിരം റിയാൽ വാങ്ങി, ജിദ്ദയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ജിദ്ദയിൽ എത്തിയപ്പോൾ അവരെ ഒരു സ്വദേശിയുടെ വീട്ടിൽ കൊണ്ടുപോയാക്കി അയാൾ തന്ത്രപൂർവ്വം കടന്നുകളയുകയായിരുന്നു. പിന്നീട് മറ്റു വഴിയൊന്നുമില്ലാതെ, ഇത്രയും കാലം ആ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു.

പഴയ ഫോൺ നഷ്ടമായതിനാൽ നാട്ടിലെ നമ്പറോ മറ്റുമില്ലാത്തതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാനും അവർക്ക് കഴിഞ്ഞിരുന്നില്ല. ഫാത്തിമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഞ്ജു മണിക്കുട്ടൻ വിവരങ്ങൾ ഇന്ത്യൻ എംബസ്സിയെ അറിയിക്കുകയും, ഫാത്തിമയ്ക്ക് എംബസ്സിയിൽ നിന്നും ഔട്ട്പാസ്സ് ഇഷ്യു ചെയ്യുകയും ചെയ്തു. മഞ്ജു മണിക്കുട്ടൻ ദമ്മാം വനിതാ അഭയകേന്ദ്രം മാനേജറുമായി സംസാരിയ്ക്കുകയും, അദ്ദേഹത്തിന്റെ സഹായത്തോടെ ഫാത്തിമയ്ക്ക് ഫൈനൽ എക്സിറ്റ് കൊടുക്കുകയും ചെയ്തു.

തുടർന്ന് ഫാത്തിമ ജിദ്ദയിൽ നിന്നും ദമ്മാമിൽ എത്തി. മഞ്ജു മണിക്കുട്ടന്റെ വീട്ടിൽ ഫാത്തിമയ്ക്ക് താത്ക്കാലിക താമസസൗകര്യവും നൽകി. മഞ്ജു മണിക്കുട്ടന്റെ അഭ്യർത്ഥന മാനിച്ചു തൃശൂർ നാട്ടുകൂട്ടം ഫാത്തിമയ്ക്ക് വിമാനടിക്കറ്റും നവയുഗം പ്രവർത്തകർ ഉൾപ്പെടെ പലരും മറ്റുസഹായങ്ങളും എത്തിക്കുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News