Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ചരിത്രപരമായ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ കരസേനാ മേധാവി ഇന്ന് സൗദി അറേബ്യയിലെത്തും; യു.എ.ഇയും സന്ദര്‍ശിക്കും

December 06, 2020

December 06, 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചരിത്രപരമായ സന്ദര്‍ശനത്തിനായി ഇന്ന് സൗദി അറേബ്യയിലെത്തും. നാല് ദിവസത്തെ യാത്രയില്‍ അദ്ദേഹം യു.എ.ഇയും സന്ദര്‍ശിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ സൈനിക മേധാവി സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. 

റിയാദില്‍ എത്തുന്ന ഇന്ത്യന്‍ കരസേനാ മേധാവി സൗദി സൈനിക മേധാവികളെ കാണും. തുടര്‍ന്ന് അദ്ദേഹം സൗദി നാഷണല്‍ ഡിഫന്‍സ് കോളേജില്‍ പ്രസംഗിക്കും. 

ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയാണ് ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. പണ്ടുമുതലേയുള്ള സൗദിയുടെ സഖ്യകക്ഷിയായ പാകിസ്താനുമായുള്ള നയതന്ത്രം എക്കാലത്തെയും താഴ്ന്ന അവസ്ഥയിലായിരിക്കുന്ന സമയത്താണ് സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. 

അതേസമയം, കശ്മീരിന്റെ അര്‍ധ-സ്വയംഭരണാവകാശ പദവി അവസാനിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട പ്രമേയം പാസാക്കിയതിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷനെ (ഒ.ഐ.സി) ഇന്ത്യ കഴിഞ്ഞയാഴ്ച വിമര്‍ശിച്ചിരുന്നു. 

സൗദിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായി സൗദി അറേബ്യ പുറത്തിറക്കിയ പുതിയ കറന്‍സി നോട്ടിനെതിരെയും ഇന്ത്യ വിമര്‍ശനം ഉന്നയിച്ചിരുന്നു. കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേറിട്ട് കാണിക്കുന്ന മാപ്പ് കറന്‍സിയില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. 

പാകിസ്താന്‍ സൈനിക മേധാവി റിയാദ് സന്ദര്‍ശിച്ചതിനു പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ഒ.ഐ.സി പ്രമേയം പാസാക്കിയത്. നിലവില്‍ പാകിസ്താനുമായുള്ള സൗദിയുടെ ബന്ധം സുഖകരമല്ലാത്തത് ഇന്ത്യയ്ക്ക് ഇതൊരു അവസരമാണെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞ മാസം ബഹ്‌റൈന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരസേനാ മേധാവി സൗദിയും യു.എ.ഇയും സന്ദര്‍ശിക്കാനായി എത്തുന്നത്. 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക: Click Here to Send Message
ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News