Breaking News
ആഭ്യന്തര യാത്രക്കാരുടെ സൗജന്യ ബാഗേജ് എയർ ഇന്ത്യ വെട്ടിക്കുറച്ചു | ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു |
സൗദി വനിതാ അവകാശ പ്രവര്‍ത്തകയായ ലുജെയ്ന്‍ അല്‍ ഹത്‌ലൂല്‍ ജയില്‍ മോചിതയായെന്ന് സഹോദരി

February 11, 2021

February 11, 2021

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വനിതാ അവകാശ പ്രവര്‍ത്തകയായ ലുജെയ്ന്‍ അല്‍ ഹത്‌ലൂല്‍ ജയില്‍ മോചിതയായതായി സഹോദരി. മൂന്ന് വര്‍ഷത്തിനു ശേഷമാണ് മോചനമെന്നും സഹോദരി അറിയിച്ചു. 

31 കാരിയായ ഹത്‌ലൂലിനെ 2018 മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഡിസംബറില്‍ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഭീകരവാദത്തിനെതിരായ നിയമങ്ങള്‍ പ്രകാരമായിരുന്നു അവരെ ശിക്ഷിച്ചത്. നേരത്തേ അനുഭവിച്ചതിനാല്‍ ഇതില്‍ രണ്ട് വര്‍ഷം 10 മാസം സമയത്തെ ശിക്ഷ കോടതി റദ്ദാക്കിയിരുന്നു. കൂടാതെ അഞ്ച് വര്‍ഷത്തെ യാത്രാവിലക്കിനും കോടതി ഉത്തരവിട്ടിരുന്നു. 

'ലുജെയ്ന്‍ വീട്ടിലാണ് !!!!' എന്നാണ് സഹോദരി ലിന ട്വീറ്റ് ചെയ്തത്. ഒപ്പം ലുജെയ്‌ന്റെ ഒരു ചിത്രവും ഉണ്ടായിരുന്നു. 

ലുജെയ്ന്‍ അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ ഉണ്ടാന്നാണ് മറ്റൊരു സഹോദരിയായ ആലിയ ട്വീറ്റ് ചെയ്തത്. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമാണെന്നും ആലിയ ട്വീറ്റ് ചെയ്തു. 

അമേരിക്കയില്‍ ജോ ബെയ്ഡന്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ അന്തരാഷ്ട്ര തലത്തില്‍ വന്ന മാറ്റങ്ങളാണ് ലുജെയ്‌നിനെ പെട്ടെന്ന് വിട്ടയക്കാന്‍ സൗദി നിര്‍ബന്ധിതരായതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. ലുജെയ്‌നിന്റെ ശിക്ഷയെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അപലപിച്ചിരുന്നു. 

'പരിഹാസ്യമായ നീതി' എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അവരുടെ ശിക്ഷയെ വിശേഷിപ്പിച്ചത്. വിട്ടയക്കാന്‍ ഉപാധികള്‍ മുന്നോട്ടുവെച്ച് ഭരണകൂടം മുന്നോട്ട് വന്നപ്പോള്‍ അതിനൊന്നും വഴങ്ങാതെ ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങി പേരാട്ടം തുടര്‍ന്ന വനിത കൂടിയാണ് അവര്‍.

സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അവകാശത്തിനും രാജ്യത്തെ പുരുഷ രക്ഷാകര്‍തൃത്വ സംവിധാനം അവസാനിപ്പിക്കുന്നതിനും വേണ്ടി ശക്തമായ പ്രചരണം നടത്തിയ ആക്ടിവിസ്റ്റാണ് ലുജെയ്ന്‍. ഇതിന് പകരമായി വൈദ്യുതാഘാതം ഏല്‍പ്പിക്കുക, മുഖം തുണി കൊണ്ട് മൂടിയ ശേഷം വെള്ളമൊഴിച്ച് ശ്വാസം മുട്ടിക്കുക (വാട്ടര്‍ ബോര്‍ഡിങ്), ചാട്ടവാറുകൊണ്ട് അടിക്കുക, ലൈംഗികാതിക്രമത്തിന് ഇരയാക്കുക എന്നീ കൊടും ക്രൂരതകളാണ് ലുജെയ്‌നിനു മേല്‍ ഭരണകൂടം പ്രയോഗിച്ചതെന്ന് കുടുംബവും അവകാശ സംരക്ഷണ ഗ്രൂപ്പുകളും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം സൗദി നിഷേധിച്ചു. 

2014  യു.എ.ഇയില്‍ നിന്ന് അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ലുജെയ്ന്‍ സൗദിയിലെ റോഡുകളില്‍ വാഹനമോടിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അന്ന് 73 ദിവസമാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്. സ്ത്രീകള്‍ വാഹനമോടിക്കാന്‍ പാടില്ലെന്ന നിയമമുള്ള ഒരേയൊരു രാജ്യം അന്ന് സൗദി ആയിരുന്നു. 

സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോ്ട്ടവകാശത്തിനുമുള്ള സ്വാതന്ത്ര്യം ലഭിച്ച ശേഷം 2015 ല്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ലുജെയ്ന്‍ മത്സരിച്ചു. എന്നാല്‍ അവരുടെ പേര് സൗദി ഒരു കാരണവും കാണിക്കാതെ തള്ളുകയായിരുന്നു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News