Breaking News
ഖത്തറില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത | മഴ: ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും രണ്ട് ദിവസത്തേക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു  | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍ | അഭയാർത്ഥികൾക്ക് സഹായം നൽകുന്നതിനുള്ള ഖത്തർ എയർവേയ്‌സ് - യുഎൻഎച്ച്സിആർ കരാർ നീട്ടി; 400 ടൺ സൗജന്യമായി സഹായം എത്തിക്കുമെന്ന് ഖത്തർ എയർവേയ്‌സ് | നവകേരള ബസ് റോഡിലേക്ക്; കോഴിക്കോട്-ബെം​ഗളൂരു റൂട്ടിൽ സർവീസ് നടത്തും | ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നുസുക് കാര്‍ഡ് പുറത്തിറക്കി  | ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ | ഖത്തര്‍ പ്രിസിഷന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ശൈഖ മോസ ഉദ്ഘാടനം ചെയ്തു | ഖത്തറിൽ ഇലക്ട്രിക് സ്‌കൂള്‍ ബസുകള്‍ പുറത്തിറക്കി | മഴയ്ക്ക് സാധ്യത; ഖത്തറിലെ ബിർള പബ്ലിക് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു  |
അൽ തുമാമയിൽ ഖത്തറിന്റെ കണ്ണീർ, ഇഞ്ചുറി ടൈമിലെ ഗോളിൽ അൾജീരിയ ഫൈനലിൽ

December 16, 2021

December 16, 2021

ദോഹ : സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ആരാധകക്കൂട്ടത്തിനും ആതിഥേയരെ വിജയത്തിലെത്തിക്കാനായില്ല. ഫിഫ അറബ് കപ്പിന്റെ സെമിഫൈനലിൽ അൾജീരിയയെ നേരിടാനിറങ്ങിയ ഖത്തർ, ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയുമായി പുറത്തായി. ആവേശം വാനോളമുയർന്ന മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ പതിനെട്ടാം മിനിറ്റിലാണ് വിധി നിർണയിച്ച ഗോൾ പിറന്നത്. ആദ്യസെമിഫൈനലിൽ ഈജിപ്തിനെ അട്ടിമറിച്ച ടുണീഷ്യയും കലാശക്കളിക്ക് യോഗ്യത നേടി. ഖത്തറിന്റെ ദേശീയ ദിനമായ ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അൾജീരിയയും ട്യുണീഷ്യയും പ്രഥമ അറബ് കപ്പിനായി ഏറ്റുമുട്ടും. 

ഗോൾരഹിതമായ ആദ്യപകുതിക്ക് ശേഷം അൾജീരിയയാണ് മത്സരത്തിലെ ആദ്യഗോൾ കണ്ടെത്തിയത്. പോസ്റ്റിനെ ലക്ഷ്യമാക്കി ബെനയാഡ തൊടുത്തുവിട്ട ലോങ്ങ്‌ റേഞ്ചർ ബെൻലാമ്രി ഹെഡറിലൂടെ വലയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. കാണികളുടെ ആരവം ഊർജമാക്കി മറുപടി ഗോളിനായി കിണഞ്ഞുപരിശ്രമിച്ച ഖത്തർ, ഇഞ്ചുറി സമയത്തിന്റെ ഏഴാം മിനിറ്റിൽ ഒപ്പമെത്തി. കൃത്യതയാർന്നൊരു ഹെഡറിലൂടെ മുഹമ്മദ്‌ മുൻതാരിയാണ് ഖത്തറിന് സമനില നേടിക്കൊടുത്തത്. എന്നാൽ, ആ ആശ്വാസം അധികനേരം നീണ്ടുനിന്നില്ല. മത്സരത്തിന്റെ അവസാനമിനിറ്റിൽ അൾജീരിയക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബെലൈലി എടുത്ത സ്പോട്ട് കിക്ക്, മുഴുനീള ഡൈവിലൂടെ ഖത്തർ ഗോൾകീപ്പർ തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ നിന്നും താരം വലകുലുക്കി. പിന്നാലെ റഫറി ഫൈനൽ വിസിലും മുഴക്കിയതോടെ ഖത്തറിന്റെ തിരിച്ചുവരവിനുള്ള പ്രതീക്ഷകൾ അസ്തമിച്ചു.

ഇരുനിരകൾക്കും ഏറെ അവസരങ്ങൾ ലഭിച്ച ടുണീഷ്യ - ഈജിപ്ത് മത്സരവും ഇഞ്ചുറി സമയത്താണ് നിർണ്ണയിക്കപ്പെട്ടത്. ആദ്യപകുതിക്ക് സമാനമായി രണ്ടാം പകുതിയും ഗോൾ രഹിതമായി അവസാനിക്കും എന്ന് ആരാധകർ ഉറപ്പിച്ച നിമിഷത്തിൽ, ട്യുണീഷ്യക്ക് വലതുവിങ്ങിലൊരു ഫ്രീകിക്ക് ലഭിച്ചു. ബോക്സിലേക്ക് ഉയർത്തി വിട്ട പന്ത് ക്ലിയർ ചെയ്യാനുള്ള ഈജിപ്ത് നായകൻ അമർ അൽ സുലായയുടെ ശ്രമം അവസാനിച്ചത് സ്വന്തം ഗോൾവലയിൽ. ഡിസംബർ 18 ന് ഇന്ത്യൻ സമയം വൈകീട്ട് 3:30 ന് ഖത്തറും ഈജിപ്തും മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും. 8:30 നാണ് അൾജീരിയയും ട്യുണീഷ്യയും കലാശക്കളിക്ക് കളത്തിലിറങ്ങുന്നത്.


Latest Related News