May 12, 2024
May 12, 2024
ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടന്ന് ഹമാസ്. ബ്രിട്ടീഷ് പൗരത്വമുള്ള ഇസ്രായേൽ ബന്ദി നദവ് പോപ്പിൾവെൽ ആണ് കൊല്ലപ്പെട്ടതെന്ന് അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ അറിയിച്ചു. ഒരു മാസം മുമ്പ് ഇയാൾക്ക് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പരിക്കേറ്റിരുന്നു. ആവശ്യമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും അബൂ ഉബൈദ പറഞ്ഞു.
11 സെക്കൻഡ് ദൈർഘ്യമുള്ള ഇയാളുടെ വീഡിയോ സന്ദേശം ശനിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണവിവരം അറിയിച്ചത്. ‘സമയം തീരുകയാണ്. നിങ്ങളുടെ സർക്കാർ കള്ളം പറയുകയാണ്’ എന്ന് ഇദ്ദേഹം വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. ബന്ദികളുടെ മരണത്തിൽ ഉത്തരവാദി നെതന്യാഹു സർക്കാരാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇന്ന് (ഞായർ) രാത്രി തെൽ അവീവിൽ വ്യാപക പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഒക്ടോബർ ഏഴിന് നിരിം കിബ്ബട്ട്സിൽ നിന്നാണ് ഇയാളെ ഹമാസ് പിടികൂടിയത്. ഇദ്ദേഹത്തിന്റെ മാതാവിനെയും ബന്ദിയാക്കിയിരുന്നെങ്കിലും പിന്നീട് മധ്യസ്ഥ രാജ്യങ്ങളുടെ ബന്ദി കൈമാറ്റ കരാർ പ്രകാരം വിട്ടയച്ചിരുന്നു. കൂടാതെ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഇയാളുടെ സഹോദരനും കൊല്ലപ്പെട്ടിരുന്നു.
ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയാണ് ഹമാസ് ബന്ദികളുടെ ദൃശ്യങ്ങൾ പുറത്തുവിടുന്നത്. ഏപ്രിൽ 27 ന് രണ്ട് ബന്ദികളുടെയും മൂന്ന് ദിവസം മുമ്പ് മറ്റൊരാളുടെയും ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. ശേഷിക്കുന്ന തടവുകാരെ മോചിപ്പിക്കാൻ ഇസ്രായേൽ സർക്കാരിന് മേൽ ആഭ്യന്തര സമ്മർദ്ദം വർധിക്കുന്നതിനിടയിലാണ് വീഡിയോകൾ പുറത്തുവരുന്നത്.
അതേസമയം, ഹമാസ് ബന്ദികളാക്കിയ 128 പേരെയും വിട്ടയച്ചാൽ ഗസയിൽ വെടിനിർത്തൽ നാളെ തന്നെ സാധ്യമാകുമെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു.
“ഹമാസാണ് തീരുമാനിക്കേണ്ടത്. അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്ക് വെടിനിർത്തൽ നാളെ ആരംഭിക്കാം” -ബൈഡൻ പറഞ്ഞു.
എന്നാൽ, ഇസ്രായേൽ തടവിലാക്കിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള പതിനായിരക്കണക്കിന് ഫലസ്തീനികളെ വിട്ടയക്കുന്നതിനെ കുറിച്ച് ബൈഡൻ ഒന്നും പറഞ്ഞിട്ടില്ല. ഇസ്രായേൽ തടവറയിൽ ഇവർ മനുഷ്യത്വരഹിതമായ ആക്രമണത്തിന് ഇരയാകുന്നതായി കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
വർഷങ്ങളായി ഇസ്രായേൽ അന്യായമായി തടവിലിട്ട ഫലസ്തീനികളെ മുഴുവൻ മോചിപ്പിക്കണമെന്നും, ഗസയിൽ നിന്ന് ഇസ്രായേൽ പൂർണമായും പിന്മാറണമെന്നുമാണ് ബന്ദി മോചനത്തിനുള്ള ഉപാധിയായി ഹമാസ് മുന്നോട്ടുവെക്കുന്നത്. ഗസയ്ക്ക് മേലുള്ള ഉപരോധം നീക്കണമെന്നും ഹമാസ് ആവശ്യപ്പെടുന്നു.
252 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇതിൽ 128 പേർ ജീവനോടെയും അല്ലാതെയും ഗസയിലുണ്ടെന്നാണ് കരുതുന്നത്. നിരവധി ബന്ദികൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിരുന്നു. 36 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നവംബർ അവസാനവാരം ഒരാഴ്ച നീണ്ടുനിന്ന വെടിനിർത്തലിൽ 105 സിവിലിയന്മാരെ ഹമാസ് കൈമാറിയിരുന്നു. അതിനുമുമ്പ് നാല് ബന്ദികളെയും വിട്ടയച്ചിരുന്നു. ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നതടക്കം 12 ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും മൂന്ന് ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F