ഖത്തറിൽ അടുത്ത ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച ആരംഭിക്കും
September 19, 2024
September 19, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തറിൽ 2025 ലെ ഹജ്ജ് രജിസ്‌ട്രേഷൻ ഞായറാഴ്ച (സെപ്തംബർ 22) മുതൽ ആരംഭിക്കുമെന്ന് എൻഡോവ്‌മെന്റ്, ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) അറിയിച്ചു. മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും hajj.gov.qa എന്ന വെബ്‌സൈറ്റ് വഴി 2024 ഒക്ടോബർ 22 വരെ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകളുടെ ഇലക്ട്രോണിക് സോർട്ടിംഗും അംഗീകാരത്തിനുള്ള നടപടിക്രമങ്ങളും നവംബറിൽ ആരംഭിക്കും. ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പ്രായം 18 വയസ്സിൽ കുറയാൻ പാടില്ല. പ്രായം 45 വയസ്സിൽ കുറയരുത്. അവർക്ക് ഒരു കൂട്ടാളിയെ രജിസ്റ്റർ ചെയ്യാനും അനുവാദമുണ്ട്. കൂടാതെ, രാജ്യത്ത് താമസിക്കുന്ന കാലയളവ് 15 വർഷത്തിൽ കുറവായിരിക്കരുത്. രജിസ്ട്രേഷൻ ചെയ്യേണ്ട വിധത്തെ കുറിച്ച് അധികൃതർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോകൾ പ്രസിദ്ധീകരിക്കും. നിലവിൽ ലൈസൻസുള്ളതും അംഗീകൃതവുമായ 27 ഓഫീസുകളാണ് ഖത്തറിലുള്ളത്.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും പരാതികൾക്കും ഹജ്ജ്, ഉംറ കാര്യ വകുപ്പുമായി ബന്ധപ്പെടാൻ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ഹോട്ട്‌ലൈൻ നമ്പറിൽ (132) വിളിക്കാമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അൽ മിസിഫ്രി കൂട്ടിച്ചേർത്തു.