September 03, 2024
September 03, 2024
തെൽഅവീവ്: ഗസയിൽ കൊല്ലപ്പെട്ട ബന്ദികളുടെ ബന്ധുക്കളോട് മാപ്പപേക്ഷിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബന്ദികളുടെ ബന്ധുക്കളെ നേരിൽ കണ്ടാണ് മാപ്പുപറഞ്ഞത്. ഇന്നലെ (തിങ്കളാഴ്ച) രാത്രി ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലും നെതന്യാഹു ഇത് ആവർത്തിച്ചു.
‘ആറ് ബന്ദികളിൽ ചിലരുടെ കുടുംബങ്ങളോട് സംസാരിക്കുകയും അവരോട് മാപ്പു ചോദിക്കുകയും ചെയ്തു. ഞാൻ കുടുംബങ്ങളോട് പറഞ്ഞകാര്യം ഇവിടെ ആവർത്തിക്കുന്നു: അവരെ ജീവനോടെ തിരികെ കൊണ്ടുവരാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് മാപ്പു ചോദിക്കുന്നു. ഞങ്ങൾ അവരുടെ അടുത്തെത്തിയിരുന്നു. പക്ഷേ വിജയിച്ചില്ല. ഇതിന് ഹമാസ് വലിയ വില നൽകേണ്ടിവരും” -നെതന്യാഹു പറഞ്ഞു.
അതേസമയം, സമ്മർദത്തിന് വഴങ്ങില്ലെന്നും ബന്ദിമോചന കരാറിൽ ഏർപ്പെടണമെങ്കിൽ ഫിലാഡൽഫി ഇടനാഴിയിൽ നിന്ന് ഇസ്രായേൽ സേന പിന്മാറണമെന്ന ഹമാസിന്റെ നിർദേശം അംഗീകരിക്കില്ലെന്നും നെതന്യാഹു ആവർത്തിച്ചു. ഈജിപ്ത്- ഗസ അതിർത്തിയിൽ ഇസ്രായേൽ സാന്നിധ്യം നിലനിർത്തി മാത്രമേ വെടിനിർത്തൽ കരാറിന് താൻ സമ്മതിക്കൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, 100ലേറെ ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഗസയിൽ നിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നാണ് ഹമാസ് മുന്നോട്ടുവെച്ച നിബന്ധന. ഈജിപ്ത് അതിർത്തിയോടുചേർന്ന ഫിലഡെൽഫി ഇടനാഴിയും, നെറ്റ്സാറിം ഇടനാഴിയും അടക്കം ഗസയിലെ മൊത്തം പ്രദേശങ്ങളിൽ നിന്നും പൂർണമായി ഇസ്രായേൽ സൈനിക പിന്മാറ്റമില്ലാതെ വെടിനിർത്തൽ കരാറിനില്ലെന്ന് ഹമാസും ആവർത്തിച്ചു. വീണ്ടും വെടിനിർത്തൽ കരാറിന് യു.എസ് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുതിർന്ന ഹമാസ് നേതാവ് ഖലീൽ അൽഹയ്യയുടെ വിശദീകരണം.
കൂടാതെ, സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന നെതന്യാഹുവിന്‍റെ നിർബന്ധം കാരണം ശവപ്പെട്ടികളിലായിരിക്കും ബന്ദികൾ മടങ്ങുകയെന്നും ഹമാസിന്‍റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞതായി സിൻഹുവ വാർത്ത ഏജൻസിയും റിപ്പോർട്ട് ചെയ്തു.
"നേരിട്ടുള്ള വ്യോമാക്രമണത്തിലൂടെ ഡസൻ കണക്കിന് ആളുകളെ ഇസ്രായേൽ ബോധപൂർവം കൊലപ്പെടുത്തി. ഇതിന് പുറമേ, സങ്കുചിത താൽപ്പര്യങ്ങൾക്കായി തടവുകാരുടെ കൈമാറ്റ ഇടപാട് മനഃപൂർവം തടസ്സപ്പെടുത്തി. അതിനാൽ ബന്ദികളുടെ മരണത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും ഇസ്രായേൽ സൈന്യത്തിനുമാണ്. ഒരു കരാർ അവസാനിപ്പിക്കുന്നതിനു പകരം സൈനിക സമ്മർദ്ദത്തിൽ തടവുകാരെ വിട്ടയക്കണമെന്ന നെതന്യാഹുവിന്‍റെ നിർബന്ധം കാരണം ശവപ്പെട്ടികളിലായിരിക്കും ബന്ദികൾ അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങുക," ഹമാസ് വക്താവ് പറഞ്ഞു.
അതിനിടെ, ബന്ദി മോചനമാവശ്യപ്പെട്ട് തൊഴിലാളി സംഘടന ആഹ്വാനം ചെയ്ത പൊതുപണിമുടക്കിലും വൻപ്രതിഷേധങ്ങളിലും ഇസ്രായേൽ കുലുങ്ങി. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിലടക്കം തിങ്കളാഴ്ച സർവിസ് മുടങ്ങിയിരുന്നു. വിദ്യാലയങ്ങൾ, ബാങ്കുകൾ, ഫാക്ടറികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ ഭാഗികമായോ പൂർണമായോ പണിമുടക്കിയപ്പോൾ ചിലയിടങ്ങളിൽ ബസ്, റെയിൽ ഗതാഗതവും തടസ്സപ്പെട്ടു. വിവിധ നഗരങ്ങളിൽ ലക്ഷങ്ങൾ പങ്കെടുത്ത പ്രകടനങ്ങൾ അധികാരികളെ ഞെട്ടിcച്ചു. ശനിയാഴ്ച ഗസയിൽ ആറു ഇസ്രായേൽ ബന്ദികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് ബന്ദി മോചന കരാറിന് നെതന്യാഹു സർക്കാറിനെ നിർബന്ധിച്ച് ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ഹിസ്റ്റാഡ്രൂട്ട് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ജറൂസലമിൽ പ്രധാനമന്ത്രിയുടെ വീടിനു മുന്നിലും തെൽ അവീവിൽ സൈനിക ആസ്ഥാനത്തും സമരക്കാർ വൻ റാലികൾക്ക് ആഹ്വാനം ചെയ്തു. എട്ടു ലക്ഷം തൊഴിലാളികൾ അംഗങ്ങളായ സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
അതേസമയം, ഗസയിലെ വെടിനിര്‍ത്തല്‍- ബന്ദി മോചനവുമായി ബന്ധപ്പെട്ട് നെതന്യാഹുവിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. കരാറിലെത്താൻ നെതന്യാഹു വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് ബൈഡൻ കുറ്റപ്പെടുത്തി. വൈറ്റ് ഹൗസിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബന്ദി മോചനവുമായി ബന്ധപ്പെട്ട അന്തിമ കരാറിന് അടുത്താണ് യു.എസ് എന്നും അത് ഉടന്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസുമായി വെടിനിർത്തൽ കരാർ ഉറപ്പിക്കാൻ നെതന്യാഹു വേണ്ടത്ര ശ്രമിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇല്ല' എന്ന് പറഞ്ഞ് അദ്ദേഹം നടന്നുനീങ്ങുകയായിരുന്നു. ഈ പ്രസ്താവനക്ക് ശേഷം അദ്ദേഹം ബന്ദി മോചന കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന യു.എസ് ടീമുമായി സംസാരിക്കുകയും ചെയ്തു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F