October 09, 2024
October 09, 2024
ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശപ്രകാരം, ഖത്തർ സായുധ സേനയിൽ നിന്നുള്ള ആദ്യ വിമാനം ലെബനനിലെ ബെയ്‌റൂട്ടിൽ ലാൻഡ് ചെയ്‌തു. മാനുഷിക സഹായങ്ങളും മെഡിക്കൽ സപ്ലൈകളും ഷെൽട്ടർ ഉപകരണങ്ങളുമാണ് വിമാനത്തിലുള്ളത്. ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൻ്റെ (ലെഖ്‌വിയ) ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ ഒരു സംഘവും സഹായവുമായി ലെബനനിലെ ബെയ്‌റൂട്ടിലെത്തിയിട്ടുണ്ട്.
അതേസമയം, ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതറിനെ ലെബനീസ് പ്രധാനമന്ത്രി അജിബ് മിക്കാറ്റി ബെയ്റൂട്ടിൽ ഇന്നലെ (ചൊവ്വ) സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ, അവയെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികൾ, ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള രീതികൾ, മനുഷ്യനഷ്ടങ്ങളുടെയും ഭൗതിക നാശനഷ്ടങ്ങളുടെയും വ്യാപ്തി, മാനുഷിക പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള വഴികൾ എന്നിവ ചർച്ച ചെയ്തു. കൂടാതെ, ലെബനൻ അനുഭവിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങളെ തരണം ചെയ്യാൻ ഖത്തർ നൽകുന്ന പിന്തുണയ്ക്ക് ലെബനീസ് പ്രധാനമന്ത്രി നന്ദിയും അഭിനന്ദനവും അറിയിച്ചു.
ലെബനനോടുള്ള ഖത്തറിൻ്റെ പൂർണമായ ഐക്യദാർഢ്യവും, അചഞ്ചലമായ പിന്തുണയും ലുൽവ ആവർത്തിച്ചു. ലെബനനിലെ സമീപകാല സംഭവവികാസങ്ങളിൽ ഖത്തറിൻ്റെ അഗാധമായ ഉത്കണ്ഠയും ലെബനൻ്റെ ഐക്യം, സുരക്ഷ, സ്ഥിരത എന്നിവ ലക്ഷ്യമാക്കിയുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിൻ്റെ പിന്തുണയും ലുൽവ പ്രകടിപ്പിച്ചു.
ഇന്നലെ (ചൊവ്വ) ബെയ്‌റൂട്ട് ഗവൺമെൻ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ പരിക്കേറ്റവരെ ലുൽവ ബിൻത് റാഷിദ് അൽ ഖാതർ സന്ദർശിച്ചു. ലെബനാൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ഫിറാസ് അബിയാദ്, പരിസ്ഥിതി മന്ത്രിയും ലെബനീസ് ഗവൺമെൻ്റിലെ എമർജൻസി കമ്മിറ്റി തലവനുമായ നാസർ യാസിൻ എന്നിവരും അവർക്കൊപ്പമുണ്ടായിരുന്നു. ചികിത്സയിൽ കഴിയുന്നവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ലുൽവ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F