കൊച്ചി : നാട്ടിലെ വീട് പൂട്ടിയിട്ട വിദേശത്ത് താമസിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പ്.കൊച്ചിയില്‍ വീട്ടുടമ അറിയാതെ പ്രവാസിയുടെ വീട്ടില്‍ താമസിച്ചത് മുപ്പതോളം ആളുകള്‍.5000 രൂപയുടെ വൈദ്യുതി ബില്ല് ലഭിച്ചപ്പോൾ മാത്രമാണ് വീട്ടുടമ വിവരം അറിഞ്ഞത്..യുഎസില്‍ താമസിക്കുന്ന അജിത്ത് വാസുദേവന്റെ വൈറ്റില ജനത റോഡിലെ വീട്ടിലാണ് സംഭവം. അടച്ചിട്ട വീട്ടില്‍ ഇത്രയും ബില്ല് വന്നത് എങ്ങനെയെന്ന് കെഎസ്‌ഇബിയില്‍ അന്വേഷിച്ചപ്പോള്‍ അത് ഉപയോഗിച്ച കറണ്ടിന്റെ ബില്ല് ആണെന്നും തെറ്റ് പറ്റിയിട്ടില്ലെന്നും ആയിരുന്നു മറുപടി.
ഒടുവില്‍ ആളെ വിട്ട് അന്വേഷണം നടത്തിയപ്പോഴാണ് വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന് താമസമാക്കിയ ഒരു കൂട്ടം ആളുകളെ കണ്ടെത്തിയത്. തന്റെ വീട്ടില്‍ താൻ അറിയാതെ ചിലർ അതിക്രമിച്ചു കയറി താമസിക്കുന്നതായി കണ്ടെത്തിയതോടെ അദ്ദേഹം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. രണ്ടു നിലയുള്ള വീട്ടില്‍ വിദ്യാർത്ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ മുപ്പതോളം പേരാണ് ഇപ്പോള്‍ വീട്ടില്‍ താമസിക്കുന്നത്. ഗേറ്റിന്റെയും വീടിന്റെയും പൂട്ട് തകർത്ത് ഉള്ളില്‍ കടന്നതിനുശേഷം വീട് പെയിന്റ് ചെയ്യുകയും ഉള്ളില്‍ ഭിത്തികെട്ടി തിരിച്ച് ശേഷം പലർക്കായി വാടകയ്ക്ക് നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായി.
അതിക്രമത്തിന് പിന്നില്‍ അരൂർ സ്വദേശിയായ സുരേഷ് ബാബു എന്ന വ്യക്തി ആണെന്ന് സ്ഥലം കൗണ്‍സിലർ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ അന്വേഷണത്തിലൂടെ കണ്ടെത്തി. പ്രതിമാസം ഒരു ലക്ഷത്തോളം രൂപ വാടക ലഭിക്കുന്ന വിധത്തിലാണ് സുരേഷ് ബാബു വീട് പലർക്കായി വാടകയ്ക്ക് നല്‍കിയിരിക്കുന്നത് എന്നാണ് അന്വേഷണത്തിലൂടെ കണ്ടെത്തിയത്.
സുരേഷ് ബാബുവിനെ കണ്ടെത്തി സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വീട് തന്നെ നോക്കാൻ ഏല്‍പ്പിച്ചതാണെന്നായിരുന്നു നല്‍കിയ മറുപടി. എന്നാല്‍ സുരേഷ് ബാബു പറയുന്നത് കള്ളമാണെന്ന് അജിത്ത് വാസുദേവൻ അറിയിച്ചു. താനോ ബന്ധുക്കളോ വീടിന്റെ ഒരു ചുമതലയും സുരേഷ് ബാബുവിനെ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി.
വീടിന്റെ ഗേറ്റിന്റെ താക്കോല് സമീപവാസിയുടെ കൈവശത്ത് ആയിരുന്നെങ്കിലും ഇത് ആർക്കും കൈമാറാൻ നിർദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു. സംഭവത്തില്‍ പ്രവാസിയുടെ വീട് അതിക്രമിച്ചു കയറി നാശനഷ്ടം ഉണ്ടാക്കുകയും അനധികൃതമായി വാടകയ്ക്ക് കൊടുക്കുകയും ചെയ്ത സുരേഷ് ബാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. വീട്ടിലെ അനധികൃതമായി താമസിക്കുന്നവരോട് വീട് ഉടനെ ഒഴിയാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മരട് പോലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CLmlLTtJ1c576V6uWA7Zwo
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F