Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
യൂട്യുബിലും സമൂഹ മാധ്യമങ്ങളിലും സജീവമായ ഷാരുഖ് സെയ്ഫി,തീവണ്ടി തീവെപ്പ് കേസിലെ പ്രതി പിടിയിലായത് എങ്ങനെ?

April 05, 2023

April 05, 2023

ന്യൂസ്‌റൂം ബ്യുറോ  
കോഴിക്കോട് : നീണ്ട തെരച്ചിലിനും അഭ്യൂഹങ്ങൾക്കുമൊടുവിൽ  എലത്തൂർ തീവണ്ടി തീവയ്പ്പ് കേസിലെ മുഖ്യപ്രതി ഷാരുഖ് സെയ്ഫി പിടിയിലാകുമ്പോൾ ഒരുപാട് സംശയങ്ങളും പ്രതിയെ ഇത്തരമൊരു ആക്രമണത്തിന് പ്രേരിപ്പിച്ച ഘടകങ്ങളെ കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.  ആക്രമണമുണ്ടായി മൂന്നാം നാൾ പ്രതി പിടിയിലായത്. ആരാണ് ഷാരുഖ് സെയ്ഫി ? എലത്തൂരിൽ നിന്ന് കടന്നുകളഞ്ഞ ഷാരുഖ് എങ്ങനെ പൊലീസ് വലയിലായി ?ദില്ലിയിൽ നിന്ന് കാണാതായതായി പിതാവ് പരാതിപ്പെട്ട വ്യക്തി തന്നെയാണ് പിടിയിലായതെന്നാണ് സ്ഥിരീകരണം.

ഏപ്രിൽ 2ന് രാത്രി 9.35നാണ് ട്രെയിനിൽ ആക്രമണം നടക്കുന്നത്. അതിന് ശേഷം അതേ ട്രെയിനിൽ തന്നെ പ്രതി കണ്ണൂരിലെത്തി. കണ്ണൂരിൽ നിന്ന് അന്ന് രാത്രി തന്നെ മംഗലാപുരത്തേക്ക് കടന്ന് അവിടെ നിന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പ്രതിയുടെ പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി അതേവേഗതയിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന പൊലീസ് കണക്കുകൂട്ടൽ പ്രതിയിലേക്കുള്ള ദൂരം കുറച്ചു.

പൊലീസിന് ലഭിച്ച സൂചനകൾ വിരൽ ചൂണ്ടിയത് ഷാരുഖ് സെയ്ഫി എന്ന നോയ്ഡ സ്വദേശിയിലേക്കായിരുന്നു. തുടർന്ന് ദീർഘദൂരം ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലേയും റെയിൽവേ പൊലീസിന് അന്വേഷണ സംഘം പ്രതിയെ കുറിച്ചുള്ള വിവരം നൽകി. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് ഷാരുഖ് സെയ്ഫി. യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഷാരുഖ് സജീവമാണ്. ഇവിടെ നിന്ന് ശേഖരിച്ച ഫോട്ടോയും മൊബൈൽ നമ്പറും സ്ഥിരീകരിച്ച്, വിവിധ സംസ്ഥാന ഏജൻസികൾക്ക് കൈമാറി.

പോലീസ് തന്നെത്തേടിയെത്തിയതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്നാണ് വിവരം.. കായികമായി നേരിട്ടാണ് ഇയാളെ പിടികൂടിയതെന്നും വിവരമുണ്ട്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ അര്‍ധ രാത്രി സംയുക്ത ഓപ്പറേഷനിലൂടെ പോലീസ് സംഘം ആശുപത്രി വളയുകയും ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തി. രത്‌നഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഷാറൂഖ് സെയ്ഫി ചികിത്സ തേടിയിരുന്നത്. മുഖത്തും കാലിലും തീപ്പൊള്ളലേറ്റ പരിക്കുണ്ട്. നിലവില്‍ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ് ഷാറൂഖ് സെയ്ഫി. കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘവും ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരും എത്തി അവിടെ വെച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം കേരളത്തിലേക്ക് കൊണ്ടു വരുമെന്നാണ് വിവരം. സംഭവ സമയം ട്രെയിനിലുണ്ടായിരുന്നവരെ ഇയാളുടെ ഫോട്ടോ അന്വേഷണ സംഘം കാണിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് ട്രെയിനില്‍ തീയിട്ടതെന്ന് ഇവരില്‍ പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമാണ് ഷാറൂഖ് സെയ്ഫിയെ പിടികൂടുന്നതിന് സഹയാകമായതെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News