Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
ശിക്ഷാ വിധി ചൊവ്വാഴ്ച,കെവിൻ വധക്കേസിൽ കോടതിയിൽ നാടകീയ രംഗങ്ങൾ

August 24, 2019

August 24, 2019

കോട്ടയം: കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള പ്രതിഭാഗത്തിന്റെ വാദം അവസാനിച്ചു. ശിക്ഷാ വിധി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം വാദത്തിനിടെ കോടതിയില്‍ നാടകീയ രംഗങ്ങളാണ് നടന്നത്. വാദത്തിനിടെ പ്രതികള്‍ പൊട്ടിക്കരഞ്ഞു. പ്രതിഭാഗം അഭിഭാഷകനും കണ്ണീര്‍ പൊഴിച്ചു. വികാരാധീനനായി ബൈബിള്‍ വചനങ്ങള്‍ അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദം ആരംഭിച്ചത്. പ്രതിഭാഗത്തിന് വേണ്ടി ശാസ്തമംഗലം അജിത് കുമാറാണ് ഹാജരായത്.

ദുരഭിമാനക്കൊലയെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനിടെയാണ് പ്രതികള്‍ പൊട്ടിക്കരഞ്ഞത്. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന വാദങ്ങള്‍ കേട്ട കോടതി ശിക്ഷാ വിധി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു. പ്രതികളില്‍ പലരുടെയും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആദ്യം തന്നെ ഉന്നയിച്ചിരുന്നു. പല പ്രതികളും ഈ സമയത്ത് പൊട്ടിക്കരയുകയായിരുന്നു.

പിതാവ് മരിച്ചെന്നും വീട്ടിലെ കാര്യങ്ങള്‍ നോക്കേണ്ടത് താനെന്നും രണ്ടാംപ്രതി നിയാസ്, എട്ടാംപ്രതി നിഷാദും ഒമ്ബതാം പ്രതി ടിറ്റോയും കോടതിയില്‍ പൊട്ടിക്കരഞ്ഞു, മാതാപിതാക്കള്‍ക്ക് മറ്റാരും ആശ്രയമില്ലെന്ന് ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ കണ്ണീര്‍പൊഴിച്ചിലില്‍ പ്രതികരണവുമായി കെവിന്റെ പിതാവ് ജോസഫ് രംഗത്തെത്തി. പ്രതികളുടെ വികാരപ്രകടനം ശിക്ഷകുറയ്ക്കാനുളള തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. വിചാരണവേളയില്‍ പ്രതികളുടെ സ്വഭാവം ഇങ്ങനെയായിരുന്നില്ല. കോടതിക്ക് ഇത് ബോധ്യമുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസഫ് പറയുന്നു.

കേസില്‍ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കുറ്റക്കാരെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വിധിച്ചത്. സംഭവത്തില്‍ നീനുവിന്റെ പിതാവ് ചാക്കോയെ കോടതി വെറുതെ വിട്ടിരുന്നു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോന്‍, ഇഷാന്‍ ഇസ്മയില്‍, റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരന്‍, ഷിഫിന്‍ സജ്ജാദ്, എന്‍ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാന്‍ എന്നിവരാണ് മറ്റു പ്രതികള്‍. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

തെന്മല സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധമാണ് നീനുവിന്റെ സഹോദരന്‍ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കെവിനെ തെന്മലയ്ക്കു സമീപത്തെ ചാലിയക്കര പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ നിര്‍ണായക മൊഴിയുടെ അടിസ്ഥാനത്തിലാണ് ദുരഭിമാനക്കൊലയെന്ന നിഗമനത്തിലേക്കു കോടതി എത്തിയത്. കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന്റെ 448-ാം ദിവസമാണ് വിധി. 2018 മേയ് 28നായിരുന്നു സംഭവം.


Latest Related News