Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

October 30, 2019

October 30, 2019

തിരുവനന്തപുരം : അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് പൊലീസ് മേധാവിക്ക് നോട്ടീസ് അയച്ചു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെകുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി രണ്ടാഴ്ച സമയമാണ് നല്‍കിയിട്ടുള്ളത്. അടുത്ത മാസം പന്ത്രണ്ടിന് വയനാട്ടിലെ കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കും.

അട്ടപ്പാടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ സി.പി.ഐ (എം.എല്‍) കേന്ദ്ര കമ്മിറ്റി അംഗവും ഭവാനി ദളത്തിന്റെ തലവനുമായ സേലം സ്വദേശി മണിവാസമുള്‍പ്പടെ നാല് പേരാണ് മരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്ത്രീയാണ്. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.

മേലേമഞ്ചക്കണ്ടി ഊരിന് രണ്ടര കിലോമീറ്റര്‍ അകലെ വനമേഖലയിലെ കോഴിക്കല്ല് ഭാഗത്താണ് ഏറ്റുമുട്ടല്‍ നടന്നത്. തിങ്കളാഴ്ച മരിച്ചവരുടെ ഇന്‍ക്വസ്റ്റ് വൈകിയതിനാല്‍ ചൊവ്വാഴ്ച രാവിലെയും മൃതദേഹങ്ങള്‍ കാട്ടില്‍ നിന്ന് മാറ്റിയിരുന്നില്ല. ഇന്നലെ രാവിലെ ഫോറന്‍സിക്, വിരലടയാള, ബാലസ്റ്റിക് വിദഗ്ദ്ധരും മെഡിക്കല്‍ സംഘവും റവന്യൂ, വനം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം കടന്നുപോയി ഒരു മണിക്കൂറിന് ശേഷമാണ് വെടിവയ്പ്പുണ്ടായത്. സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് മേലേമഞ്ചക്കണ്ടി ഊരിലേക്ക് തിരിച്ചിറങ്ങി വെടിവയ്പ്പ് നടന്ന വിവരം ആദ്യം അറിയിച്ചത്.ഈ വെടിവയ്പ്പില്‍ മണിവാസകം കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ തിങ്കളാഴ്ചത്തെ വെടിവയ്പ്പില്‍ തന്നെ മണിവാസകത്തിന് പരിക്കേറ്റതായി സൂചനയുണ്ടായിരുന്നു.

ഇതിനിടെ, തിങ്കളാഴ്ച കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ പേരുവിവരങ്ങളില്‍ മാറ്റമുള്ളതായി സൂചനയുണ്ട്. കര്‍ണാടക സ്വദേശി ശ്രീമതി, തമിഴ്നാട് സ്വദേശി സുരേഷ് എന്നിവര്‍ തമിഴ്നാട് സ്വദേശികളായ അരവിന്ദും രമയുമാണെന്ന് സ്ഥലത്തെത്തിയ കര്‍ണാടക ആന്റി നക്സല്‍ സ്‌ക്വാഡ് സംശയം പ്രകടിപ്പിച്ചു. തമിഴ്നാട് സ്വദേശി കാര്‍ത്തിയാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. ഏഴുപേരാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടെന്നാണ് അറിയുന്നത്.


Latest Related News