Breaking News
ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി | ഖത്തറിൽ അമീർ കപ്പിന്റെ റൗണ്ട് ഓഫ് 16 മത്സരങ്ങൾക്കുള്ള ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ബഹ്‌റൈനിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു | മരുന്നില്ല, ഡയാലിസിസില്ല; ഗസയില്‍ വൃക്കരോഗികള്‍ ചികിത്സ ലഭിക്കാതെ മരിക്കുന്നു  | ഹജ്ജ് വിസകള്‍ക്ക് നിയന്ത്രണം; വിസകള്‍ പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനത്തിന് മാത്രമായി പരിമിതപ്പെടുത്തി | ഒമാനിൽ തിരുവനന്തപുരം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു | ഷെയ്ഖ് ഗാനിം ബിൻ അലി അൽ താനി അന്തരിച്ചു  |
നടന്‍ അനില്‍ പി. നെടുമങ്ങാട് മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍

December 25, 2020

December 25, 2020

തൊടുപുഴ: പ്രമുഖ ചലച്ചിത്ര താരം അനില്‍ പി. നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴയിലെ മലങ്കര ജലാശയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് അനിലും സുഹൃത്തുക്കളും ഇവിടെ കുളിക്കാനെത്തിയത്. 

ജോജു ജോര്‍ജ്ജ് നായകനായി സന്‍ഫീര്‍  സംവിധാനം ചെയ്യുന്ന പീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് അനില്‍ തൊടുപുഴ എത്തിയത്. ഇന്ന് ക്രിസ്തുമസ് പ്രമാണിച്ച് ഷൂട്ടിങ്ങ് ഇല്ലായിരുന്നു. 

മലങ്കര ഡാമിന്റെ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ അപ്രതീക്ഷിതമായി കയത്തില്‍ പെടുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് അനിലിനെ കരയ്‌ക്കെത്തിക്കാന്‍ കഴിഞ്ഞത്. 

ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മലങ്കര ടൂറിസ്റ്റ് ഹബ്ബിലാണ് അപകടം നടന്നത് എന്നാണ് വിവരം. 

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയാണ് അനില്‍. നാടകത്തിലൂടെയാണ് അദ്ദേഹം തന്റെ കലാജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മിനി സ്‌ക്രീനിലും അദ്ദേഹം തിളങ്ങി. 

മമ്മൂട്ടി നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്. അടുത്തിടെയായി നിരവധി ചിത്രങ്ങളിലൂടെ അനില്‍ മലയാളികളുടെ മനസില്‍ ഇടം പിടിച്ചിരുന്നു. 

സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി.ഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. 

കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, പൊറിഞ്ചു മറിയം ജോസ്, പാവാട, ഇളയരാജ, മണ്‍ട്രോത്തുരുത്ത്, ആമി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 

സിനിമാ ജീവിതത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അനില്‍ നെടുമങ്ങാടിനെ അപ്രതീക്ഷിതമായി മരണം കൊണ്ടുപോകുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥിയായിരുന്നു അനില്‍. സിനിമാ ലോകത്ത് വൈകിയെത്തിയ അനില്‍ പക്ഷേ കുറഞ്ഞ സമയം കൊണ്ട് തന്നെ വെള്ളിത്തിരയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. 

നിരവധി സ്‌കിറ്റുകള്‍ക്കും കോമഡി ഷോകള്‍ക്കും സ്‌ക്രിപ്റ്റ് രചിച്ച വ്യക്തി കൂടിയാണ് അനില്‍. കൈരളി ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജുറാസിക് വേള്‍ഡ് എന്ന പരിപാടിയിലൂടെയാണ് അനില്‍ ജനങ്ങളുടെ മനസില്‍ ഇടം പിടിക്കുന്നത്. തുടര്‍ന്നും വിവിധ ചാനലുകളില്‍ സമാനമായ പരിപാടികള്‍ അദ്ദേഹം അവതരിപ്പിച്ചു. 

ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും ഒരുക്കിയ മണ്‍മറഞ്ഞ സംവിധായകന്‍ സച്ചിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു അനില്‍. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ച വാര്‍ത്ത പുറത്തു വന്നത്. താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം സച്ചിയുടേതാകും എന്ന് അനില്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. 

സോഷ്യല്‍ മീഡിയയിലും പുറത്തും നിരവധി പേരാണ് അനിലിന്റെ അപ്രതീക്ഷിത മരണത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്. മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണ് അനിലിന്റെ വിയോഗം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് മികച്ച ഒരു നടനൊണ് നഷ്ടമായത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News