ദോഹ : ഭാവിയിൽ ഇന്ത്യയുടെ ഖത്തറുമായുള്ള ബിസിനസ് പങ്കാളിത്തം സുസ്ഥിരത, സാങ്കേതികവിദ്യ, സംരംഭകത്വം, ഊർജം എന്നീ പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ചായിരിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ.ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഇന്ത്യ-ഖത്തർ ബിസിനസ് ഫോറത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനി സെഷനിൽ വിശിഷ്ടാതിഥിയായിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വിശ്വാസത്തിൻ്റെയും വ്യാപാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും അടിത്തറയിലാണെന്ന് ഗോയൽ ചൂണ്ടിക്കാട്ടി.ഊർജ വ്യാപാരത്തിൽ നിന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻ്റർനെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ക്വാണ്ടം കണ്ടക്റ്റിംഗ്, അർദ്ധചാലകങ്ങൾ തുടങ്ങിയ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കി വ്യാപാര നിബന്ധനകൾ മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, കാലാവസ്ഥാ വ്യതിയാനം, സൈബർ സുരക്ഷാ ഭീഷണികൾ, ലോകമെമ്പാടുമുള്ള പ്രാദേശികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയുടെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയും ഖത്തറും പരസ്പര പൂരകങ്ങളാണെന്നും സമൃദ്ധിക്കും മികച്ച ഭാവിക്കുമായി ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പ്രസ്താവിച്ചു.വ്യാപാരം, നിക്ഷേപം എന്നിവയുടെ കാര്യത്തിൽ ഖത്തറുമായി ചേർന്ന് വലിയ തോതിലുള്ള പരിവർത്തനത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തരി ബിസിനസ്സ്‌മെൻ അസോസിയേഷനും (ക്യുബിഎ) കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും (സിഐഐ) ഒപ്പിട്ട 2 ധാരണാപത്രങ്ങളും ഇൻവെസ്റ്റ് ഖത്തറും ഇൻവെസ്റ്റ് ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളും ഇതാണ് വ്യക്തമാക്കുന്നതെന്നും ഗോയൽ കൂട്ടിച്ചേർത്തു.വാണിജ്യ മേഖലകളിലെ സംയുക്ത വർക്കിംഗ് ഗ്രൂപ്പിനെ മന്ത്രിതലത്തിലേക്ക് ഉയർത്തിയതായും മന്ത്രി അറിയിച്ചു.
പ്രധാന രാഷ്ട്രങ്ങളോ ആഗോള പ്ലാറ്റ്‌ഫോമുകളോ ആകട്ടെ, ഇന്ത്യയിൽ ആത്മവിശ്വാസം മുമ്പെന്നത്തേക്കാളും ശക്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ഉദ്ധരിച്ച് മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി. ഒപ്പം ഒരേ മനസ്സോടെയും ആത്മവിശ്വാസത്തോടെയും ഒരുമിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരോട് മന്ത്രി അഭ്യർത്ഥിച്ചു.ഊർജസ്വലമായ സമ്പദ്‌വ്യവസ്ഥ, യുവജനങ്ങളാൽ സമ്പന്നമായ ജനസംഖ്യ, ബിസിനസ്സിൻ്റെ എല്ലാ മേഖലകളിലെയും പരിഷ്‌കാരങ്ങൾ എന്നിവ ഇന്ത്യയുടെ വ്യാവസായിക പരിണാമത്തിൻ്റെ പ്രധാന ആകർഷണങ്ങളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.നിക്ഷേപം, ഉൽപ്പാദനം, പുനരുപയോഗിക്കാവുന്ന ഊർജം, സ്മാർട്ട് സിറ്റികളുടെ വിപുലീകരണം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിലെ ഇന്ത്യയുടെ വളർച്ചയുടെ ഭാഗമാകാൻ ഖത്തറിൽ നിന്നുള്ള കമ്പനികളെ മന്ത്രി ഗോയൽ ക്ഷണിച്ചു.ഖത്തർ വിഷൻ 2030 ഉം ഇന്ത്യയുടെ വിക്ഷിത് ഭാരത് 2047 ഉം ഒരുമിച്ച് ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുന്നതായും മന്ത്രി ഉപസംഹരിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F