ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ മാനുഷിക സഹായം എത്തിക്കുന്ന ഏജൻസിയായ യുഎസ്എഡിന്റെ (USAID) ഫണ്ട് ഭൂരിഭാഗവും വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡണ്ട് ട്രംപിന്റെ തീരുമാനം ലോകത്തെ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം. 2030 ആകുമ്പോഴേക്കും ലോകമെമ്പാടുമായി 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് യുഎസ് പ്രസിഡണ്ടിന്റെ തീരുമാനം കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടി. 2025 ജൂലൈ 1ന്(ഇന്ന്) ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്.
യുഎസ്എയ്ഡ് നിർത്തലാക്കുന്നതു മൂലം പലതരം കെടുതികളിൽ പെട്ട് മരണമടയുന്ന ആളുകളിൽ മൂന്നിലൊന്ന് പേരും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അഞ്ച് വര്‍ഷത്തിനുള്ളിൽ 4.5 ദശലക്ഷത്തിലധികം കുട്ടികളുടെ മരണം ലോകം കാണേണ്ടി വരും.
ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾ നൽകുന്ന മാനുഷിക സഹായത്തിന്റെ 40 ശതമാനത്തിലധികം നൽകുന്നത് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) ആണ്. ഈ ഏജൻസിയുടെ ഫണ്ട് ലോകത്തെമ്പാടും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. 2001നും 2021നും ഇടയിലുള്ള ഇരുപത് വർഷക്കാലം യുഎസ്എഐഡി പിന്തുണയോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കിയ പദ്ധതികൾ ഏകദേശം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞു. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ രാജ്യങ്ങൾക്കാണ് ഈ ഫണ്ടു കൊണ്ട് ഏറെ ഉപകാരമുണ്ടായത്. എച്ച്ഐവി/എയ്ഡ്സ്, മലേറിയ, വയറിളക്ക രോഗങ്ങൾ, ശ്വാസകോശ അണുബാധകൾ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗപ്പെട്ടിട്ടുള്ളത്. ആരോഗ്യ സംരക്ഷണത്തിലാണ് യുഎസ്‌എയ്‌ഡ് ഏറ്റവും കൂടുതൽ പ്രാധാന്യം നല്‍കുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് യുഎസ്എയ്ഡ് വളരെയധികം ഉപയോഗപ്പെടുന്നുണ്ട്. ഇന്ത്യ കൂടാതെ സുഡാൻ, ഉക്രെയ്ൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും ഈ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളാണ്. ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലായി നടത്തിയ മാതൃ-ശിശു ആരോഗ്യ പരിപാടികൾക്ക് യുഎസ്എയ്ഡിന്റെ സഹായമുണ്ടായിരുന്നു. 2.8 ദശലക്ഷം ഗർഭിണികൾക്കും 2.6 ദശലക്ഷം നവജാത ശിശുക്കൾക്കും മികച്ച വൈദ്യസഹായം ലഭിക്കാൻ ഈ സഹായം ഉപയോഗപ്പെടുന്നുണ്ട്.
2025 മാർച്ചിലാണ് ട്രംപ് ഭരണകൂടം 'അനാവശ്യ ചെലവുകൾ' വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യുഎസ്എയ്ഡ് പ്രോഗ്രാമുകളുടെ 80 ശതമാനത്തിലധികം റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഈ പ്രഖ്യാപനം നടത്തിയത്.
സഹായ ധനസഹായത്തിൽ വരുന്ന ഈ വലിയ കുറവ് ദുർബല ജനവിഭാഗങ്ങളില്‍ ഉണ്ടായ ആരോഗ്യപരമായ പുരോഗതിയെ രണ്ട് പതിറ്റാണ്ടുകളെങ്കിലും പിന്നോട്ടടിക്കുമെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇതൊരു മഹാമാരിക്ക് സമാനമായ പ്രതിസന്ധിയാണ് താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഉണ്ടാക്കുകയെന്ന് ഗവേഷകരിലൊരാളായ ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിലെ ഗവേഷക ഡേവിഡ് റസെല്ല പറഞ്ഞു.
ഈ ധനസഹായ വെട്ടിക്കുറയ്ക്കലിൽ നിന്ന് യുഎസ് പിൻമാറിയില്ലെങ്കില്‍ കുട്ടികളുടെ മരണങ്ങൾ വൻതോതിൽ കൂടും. ഈ മരണങ്ങൾ തടയാൻ കഴിയുന്നവയാണ് എന്നതാണ് വസ്തുത. സഹായം ലഭിച്ചാൽ മാത്രം മതിയാകും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യാൻ ലോക നേതാക്കൾ സ്പെയിനിൽ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ യോഗം ചേരുന്നതിനിടെയാണ് ഈ റിപ്പോർട്ട് പുറത്തു വരുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക: https://chat.whatsapp.com/GNnAPz2ISv601MKXQvNitL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F