ന്യൂസ്‌റൂം പൊളിറ്റിക്കൽ ബ്യുറോ
ദോഹ : സമീപകാലത്ത് കൊല്ലപ്പെടുന്ന പലസ്തീനിലെ ഹമാസിന്റെ മുതിര്‍ന്ന നേതാവായ ഇസ്മാഈല്‍ ഹനിയ്യയുടെ വധം പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളെ വൈകിപ്പിക്കുമെന്ന് വിലയിരുത്തൽ. ഗാസയില്‍ രക്തരൂക്ഷിതമായ ഇസ്രായേൽ അധിനിവേശം തുടരുമ്പോഴും ഖത്തര്‍ കേന്ദ്രമായി നടന്ന സമാധാന ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു.
ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്‌റാനിലെത്തിയതായിരുന്നു ഹനിയ്യ. ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. തെഹ്‌റാനിലെ താമസ സ്ഥലത്ത് വച്ചാണ് ഹനിയ്യക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഹമാസും ഇറാന്‍ സൈന്യവും അറിയിച്ചു. ഹനിയ്യയുടെ അംഗ രക്ഷകനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ആക്രമണത്തിന് പിന്നില്‍ ഇസ്രായേലാണെന്ന് ഹമാസും ഇറാനും ആരോപിക്കുന്നു. വിദേശ നേതാവിനെ തങ്ങളുടെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയത് തങ്ങളുടെ അഭിമാനത്തിനേറ്റ തിരിച്ചടിയായാണ് ഇറാൻ കാണുന്നത്. ഇറാന്‍ ആത്മീയ നേതാവും വിപ്ലവ ഗാര്‍ഡിലെ മുതിര്‍ന്ന കമാന്റര്‍മാരും പങ്കെടുക്കുന്ന യോഗം നടക്കുകയാണ്. അപൂര്‍വമായേ ഈ യോഗം വിളിച്ചു ചേര്‍ക്കാറുള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 മുതലാണ് ഹമാസിന്റെ നയതന്ത്രമുഖമായി ഹനിയ്യ മാറുന്നത്. ഗസ്സ മുനമ്പിലെ യാത്ര നിയന്ത്രണത്തിൽനിന്ന് രക്ഷപ്പെട്ട് തുർക്കി വഴിയാണ് അദ്ദേഹം ഖത്തറിൽ എത്തിയത്. വെടിനിർത്തൽ ചർച്ചകളിലെല്ലാം ഹമാസിന്റെ മുഖമായിരുന്നു. ഇറാൻ അടക്കമുള്ള രാജ്യങ്ങളുമായെല്ലാം ഹമാസിന്റെ കാര്യങ്ങൾ സംസാരിച്ചിരുന്നത് ഹനിയ്യയാണ്.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ.നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി.
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F