തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂ ആർ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാൽ ഒഴിവാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുപിഐ ഐഡി വഴി സഹായം നൽകാം. ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും. ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഒന്നാകെ വയനാടിനെ കൈപിടിച്ചുയർത്താൻ നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തിൽ മുഴങ്ങുന്നത്. മറ്റൊരു പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനാണ് ലക്ഷ്യം. അതിനുളള ചര്‍ച്ചകള്‍ തുടങ്ങി. ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളളാര്‍മല സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസം തുടരാനുളള നടപടി ഉടന്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് നേരത്തെ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതാണ്. ഇതു സംബന്ധിച്ച് നിരന്തരം കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി അറിയിച്ചു. 206 പേരെ കണ്ടത്താനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മേഖലയിലും ചാലിയാറിലും തിരച്ചിൽ തുടരുകയാണ്. 1419 പേരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 ടീമുകൾ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.
ആദ്യഘട്ടം ദുരന്തത്തിൽപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചിട്ടുണ്ട്. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 81 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 206 പേര്‍ ആശുപത്രി വിട്ടു, ഇവരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 40 ടീമുകൾ 6 സെക്ടറുകളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തിയത്.
93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. കേരള പൊലീസിന്‍റെയും തമിഴ്നാടിന്‍റെയും സൈന്യത്തിന്‍റെയും ഡോഗ് സ്ക്വാഡും തിരച്ചിലിനുണ്ട്. ഹ്യൂമന്‍ റെസ്ക്യൂ റഡാറും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരിൽ 30 കുട്ടികളാണുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂസ്‌റൂമിന് ഇപ്പോൾ ഒന്നര ലക്ഷത്തിലധികം വായനക്കാർ. നിങ്ങൾക്കും തൽസമയം അറിയാൻ ഈ ലിങ്കിൽ വിരൽ തൊട്ടാൽ മതി
https://chat.whatsapp.com/GTzSb7qlzutArCPMdri119
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F