ദോഹ : ഗസയിലെ വെടിനിർത്തൽ കരാറിൽ നിന്ന് ഖത്തർ പിന്മാറിയെന്ന മാധ്യമ വാർത്തകൾ ഖത്തർ തള്ളി.ഇതുസംബന്ധിച്ച് പുറത്തുവരുന്ന മാധ്യമ വാർത്തകൾ കൃത്യമല്ലെന്നും മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടുവെങ്കിലും ഇരു വിഭാഗവും ആത്മാർത്ഥമായി സന്നദ്ധത അറിയിച്ചാൽ ചർച്ചകൾ തുടരുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
വെടിനിർത്തൽ സാധ്യമാക്കാനുള്ള അവസാന ശ്രമം എന്ന നിലയിൽ പത്തു ദിവസം മുമ്പു നടന്ന ചർച്ചയിൽ ഇരു കക്ഷികളും കരാറിൽ എത്തിയില്ലെങ്കിൽ മധ്യസ്ഥ ശ്രമങ്ങൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.മധ്യസ്ഥ ദൗത്യത്തിൽ നിന്നു ഖത്തർ പിൻവാങ്ങുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഖത്തർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്.
ഖത്തറിലെ ഹമാസ് രാഷ്ട്രീയകാര്യ ഓഫിസുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങളിലായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരുന്ന വാർത്തകളും വിദേശകാര്യ മന്ത്രാലയം തള്ളി. ഹമാസുമായി ആശയവിനിമയത്തിനുള്ള കേന്ദ്രമായാണ് ദോഹയിലെ അവരുടെ ഓഫിസ് പ്രവർത്തിക്കുന്നത്. നേരത്തെയുള്ള പല മധ്യസ്ഥ, സമാധാന ശ്രമങ്ങളിലും ഈ ഓഫീസ് നിർണായക പങ്കു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ഗസ്സയിൽ താൽകാലിക വെടിനിർത്തലിലെത്താനും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മോചനത്തിന് വഴിയൊരുക്കാനും ഹമാസ് ഓഫിസ് നിർണായക പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.
ഹമാസ് ഓഫിസ് പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവെന്ന തലത്തിലായിരുന്നു വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം വാർത്തകൾ നൽകിയത്. 2023 ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ ആക്രമണം ആരംഭിച്ചത് മുതൽ വെടിനിർത്തൽ സാധ്യമാക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുമായി അമേരിക്കക്കൊപ്പം സജീവമായി പരിശ്രമിക്കുന്ന രാജ്യമാണ് ഖത്തർ.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IkS97YfYEOF9N5vIcYO5wJ
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F