ദോഹ : ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസൻസുകള്‍ റദ്ദാക്കിയ ബ്രിട്ടന്റെ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു.ഗസ മുനമ്പിലെ അധിനിവേശത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ആയുധങ്ങളും ഉൾപ്പെടെയുള്ള ആയുധ കയറ്റുമതി ലൈസൻസുകളാണ് ബ്രിട്ടൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അറിയിച്ചത്.
ഫലസ്തീൻ സിവിലിയൻമാരെ, പ്രത്യേകിച്ച് കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പായി ഇത് കണക്കാക്കപ്പെടുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.സുരക്ഷാ കൗൺസിൽ, യുഎൻ ജനറൽ അസംബ്ലി, അന്താരാഷ്ട്ര നീതിന്യായ കോടതി എന്നിവയുടെ പ്രമേയങ്ങളുമായി പൊരുത്തപ്പെടുന്നതാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ഗസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് തീരുമാനമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.1967-ലെ കാരാറിനെ അടിസ്ഥാനമാക്കി, അന്താരാഷ്ട്ര നിയമസാധുതയുടെയും ദ്വിരാഷ്ട്ര പരിഹാരത്തിൻ്റെയും അടിസ്ഥാനത്തിൽ ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുകയെന്ന ഖത്തറിന്റെ നിലപാടിലുള്ള പ്രതിബദ്ധതയും വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
ഇസ്രായേലിലേക്ക് ആയുധം കയറ്റുമതി ചെയ്യുന്നതിനുള്ള 350 ലൈസൻസുകളില്‍ 30 എണ്ണമാണ് സസ്പെൻഡ് ചെയ്തത്.അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ഇസ്രയേല്‍ ലംഘിക്കുന്നുവെന്ന ആശങ്ക കാരണമാണ് നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി പറഞ്ഞു.
ഗാസയില്‍ ഇസ്രായേലും ഹമാസും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും യുകെ വിദേശകാര്യ മന്ത്രി പറഞ്ഞു. സുരക്ഷയ്ക്കായി ഇസ്രയേലിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്. പക്ഷേ ഇസ്രയേല്‍ അവലംബിക്കുന്ന രീതികളെ കുറിച്ചും സാധാരണക്കാരുടെ ജീവൻ അപകടത്തിലാവുന്നതിനെ കുറിച്ചുമുള്ള റിപ്പോർട്ടുകളില്‍ ആശങ്കയുണ്ടെന്ന് യുകെ വിദേശകാര്യ മന്ത്രി പാർലമെന്‍റില്‍ പറഞ്ഞു.
ജൂലൈയില്‍ തെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടി വിജയിച്ചതിന് തൊട്ടുപിന്നാലെ, ബ്രിട്ടന്‍റെ സഖ്യകക്ഷിയായ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇസ്രായേലിന് ലഭിക്കുന്ന ബ്രിട്ടന്‍റെ ആയുധ കയറ്റുമതി മൊത്തം ആയുധങ്ങളുടെ ഒരു ശതമാനത്തില്‍ താഴെയാണെന്നും അതിനാല്‍ ഇസ്രയേലിന്‍റെ സുരക്ഷയെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു, സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്‍റെ അവകാശത്തെ ബ്രിട്ടൻ തുടർന്നും പിന്തുണയ്ക്കുമെന്നും അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F