ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ:നൗഷാദ് തെക്കയിൽ
ദോഹ : എക്സ്പാറ്റ് ഇൻസൈഡർ 2024 സർവേ റിപ്പോർട്ടിൽ പ്രവാസികളുടെ ജീവിതനിലവാരത്തിൽ ഉൾപ്പെടെ ഖത്തറിന് മികച്ച നേട്ടം.ജീവിത നിലവാരം, ആരോഗ്യം, സുരക്ഷ, തൊഴിൽ സാധ്യതകൾ,പരിസ്ഥിതിയും കാലാവസ്ഥയും തുടങ്ങിയ ജീവിതനിലവാര സൂചികയിൽ ലോകത്തെ മികച്ച അഞ്ച് സ്ഥാനങ്ങൾ ഖത്തർ സ്വന്തമാക്കി.
പ്രവാസി ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും സമഗ്ര പഠനങ്ങളിലൊന്നാണ് ഇന്റർനേഷൻസിന്റെ എക്സ്പാറ്റ് ഇൻസൈഡർ സർവേ. 175 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന12,500-ലധികം പ്രവാസികൾ തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെച്ച് സർവേയിൽ പങ്കെടുത്തു.
ഉയർന്ന ജീവിതനിലവാരത്തിൽ പ്രശംസനീയമായ നാലാം സ്ഥാനം കരസ്ഥമാക്കിയ ഖത്തർ, ആരോഗ്യപരിചരണം,സേഫ്റ്റി & സെക്യൂരിറ്റി, ട്രാവൽ & ട്രാൻസിറ്റ്, കരിയർ പ്രോസ്‌പെക്‌റ്റുകൾ എന്നിവയിൽ ആദ്യ അഞ്ചിൽ ഇടം നേടി.
ഉയർന്ന ജീവിതനിലവാരം
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള യുഎഇ, ഓസ്ട്രിയ, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് തൊട്ടുപിന്നിൽ ജീവിത നിലവാരത്തിൽ ഖത്തർ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്.ഹെൽത്ത് കെയർ, ട്രാവൽ & ട്രാൻസിറ്റ്, സേഫ്റ്റി & സെക്യൂരിറ്റി, പരിസ്ഥിതിയും കാലാവസ്ഥയും, ഒഴിവ് വേളകളിലെ വിനോദോപാധികൾ എന്നീ അഞ്ച് ഉപവിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
ആരോഗ്യപരിചരണം
ഖത്തറിലെ ആരോഗ്യപരിചരണത്തിൻ്റെ ഗുണനിലവാരം, ലഭ്യത, ചെലവ് എന്നിവയെ പ്രവാസികൾ പ്രശംസിച്ചു, ആരോഗ്യ സംരക്ഷണ റാങ്കിംഗിൽ ദക്ഷിണ കൊറിയയ്ക്ക് പിന്നിൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്താണ് ഖത്തർ.
ട്രാവൽ & ട്രാൻസിറ്റ്
യഥാക്രമം ഓസ്ട്രിയയ്ക്കും സിംഗപ്പൂരിനും പിന്നിൽ യഥാക്രമം മൂന്നാം സ്ഥാനം കരസ്ഥമാക്കി, ഗതാഗത ശൃംഖലയിൽ മെന മേഖലയിലെ ആദ്യ പത്തിൽ ഇടം പിടിച്ച ഏക രാജ്യമാണ് ഖത്തർ.പൊതുഗതാഗതത്തിൻ്റെ താങ്ങാവുന്ന ചെലവും ലഭ്യതയും കാൽനടയായോ സൈക്കിളിലോ ചുറ്റിക്കറങ്ങാനുള്ള എളുപ്പത്തെയും പ്രവാസികൾ വിലയിരുത്തി.
സുരക്ഷ
സുരക്ഷിതത്വത്തിന്റെ സൂചികയിൽ ഖത്തർ ലോകരാജ്യങ്ങൾക്കിടയിൽ ഖത്തർ അഞ്ചാം സ്ഥാനത്താണ്.വ്യക്തികളുടെ സ്വകാര്യ സുരക്ഷയെക്കുറിച്ചും ആതിഥേയ രാജ്യത്തിൻ്റെ രാഷ്ട്രീയ സ്ഥിരതയിലും പ്രവാസികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നതായാണ് വിലയിരുത്തൽ.യുഎഇ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് യഥാക്രമം റാങ്കിംഗിൽ മുൻപന്തിയിലുള്ളത്.
പരിസ്ഥിതിയും കാലാവസ്ഥയും
പാരിസ്ഥിതിക, കാലാവസ്ഥാ സൂചികയിൽ ഖത്തർ 27-ാം സ്ഥാനത്താണ്. വായുവിൻ്റെ ഗുണനിലവാരം, കാലാവസ്ഥ, പ്രകൃതി, നഗര പരിസ്ഥിതി എന്നിവയാണ് പ്രവാസികൾ വിലയിരുത്തിയത്.കോസ്റ്റാറിക്കയാണ് ഈ വിഭാഗത്തിൽ ഒന്നാമത്.
വിനോദോപാധികൾ
ഭക്ഷണ വൈവിധ്യം, സാംസ്കാരിക, രാത്രി ജീവിത അവസരങ്ങൾ, പ്രാദേശിക വിനോദ പ്രവർത്തനങ്ങൾ എന്നിവ പരിഗണിക്കുന്ന വിനോദ സൂചികയിൽ ഖത്തർ 13-ാം സ്ഥാനത്താണ്.സ്പെയിനാണ് ഈ ഗണത്തിൽ ഒന്നാമത്.
2024 ലെ 'പ്രവാസികൾക്കുള്ള തൊഴിൽ സാധ്യതാ സൂചികയിൽ അഞ്ചാം സ്ഥാനവും 'ശമ്പളവും തൊഴിൽ സുരക്ഷയും'എന്ന വിഭാഗത്തിൽ 11--ാം സ്ഥാനവും ഖത്തർ സ്വന്തമാക്കി.എല്ലാ മേഖലകളിലും രാജ്യത്തിൻ്റെ ശക്തമായ വളർച്ചയും ആരോഗ്യകരമായ ജീവിത-തൊഴിൽ അന്തരീക്ഷവും പ്രവാസികളുടെ ജീവിത സംതൃപ്തിക്ക് അടിവരയിടുന്ന ഘടകങ്ങളാണ്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F