ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം തുടരുന്നു,സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി
February 18, 2025
February 18, 2025
ന്യൂസ്‌റൂം ബ്യുറോ
ദോഹ / ന്യൂ ദൽഹി : ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഇന്ത്യാ സന്ദർശനം തുടരുന്നു.തിങ്കളാഴ്ച രാത്രിയോടെ രാജ്യ തലസ്ഥാനത്തെ പാലം വിമാനത്താവളത്തിലെത്തിയ ഖത്തർ അമീറിനെ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രിയും സംഘവും നേരിട്ട് എത്തിയാണ് വിമാനത്താവളത്തിൽ സ്വീകരിച്ചത്.
ഖത്തർ അമീറിനെ തൻ്റെ സഹോദരനെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി,വിമാനത്താവളത്തിൽ ഗാഢമായി ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ ഇന്ത്യൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് നൽകിയത്.
'എൻ്റെ സഹോദരൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വാഗതം ചെയ്യാൻ വിമാനത്താവളത്തിലേക്ക് പോയിരുന്നുഅദ്ദേഹത്തിന് ഇന്ത്യയിൽ ഫലപ്രദമായ ദിവസങ്ങൾ ആശംസിക്കുന്നു, നാളത്തെ ഞങ്ങളുടെ മീറ്റിംഗിനായി കാത്തിരിക്കുന്നു"- തിങ്കളാഴ്ച രാത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് അമീർ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയത്.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ഉന്നതതല സംഘം അമീറിനൊപ്പമുണ്ട്. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ തിങ്കളാഴ്ച രാത്രി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
ഇന്ന്(ചൊവ്വ) രാവിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ ഖത്തർ അമീറിന് ആചാരപരമായ സ്വീകരണം നൽകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായി ചർച്ച നടത്തും. വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം.
ഖത്തർ അമീറിന്റെ രണ്ടാമത്തെ ഇന്ത്യ സന്ദർശനമാണിത്. 2015ൽ ആയിരുന്നു ആദ്യസന്ദർശനം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സബന്ധമായ അറിയിപ്പുകളും മു ടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക-https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F