June 19, 2024
June 19, 2024
ദോഹ: ഐക്യരാഷ്ട്ര സഭയുടെ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ യോഗ ദിനം സംഘടിപ്പിക്കുന്നു. ജൂൺ 21 വെള്ളിയാഴ്ച വൈകീട്ട് ആറുമുതൽ 8.30 വരെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ യോഗാദിനം സംഘടിപ്പിക്കുന്നത്.
40 മിനിറ്റ് ദൈർഘ്യമുള്ള യോഗയ്‌ക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കും യോഗ മത്സരവും യോഗ ക്വിസും നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. https://forms.gle/ekdjpYrXn7g6oCUw8 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ആർക്കും പരിപാടിയിൽ പങ്കെടുക്കാം.
2014 ഡിസംബറിലാണ് എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാൻ യുഎൻ ആവശ്യപ്പെട്ടത്.ഇതേ തുടർന്ന് 177 രാജ്യങ്ങൾ എല്ലാ വർഷവും ജൂൺ 21 യോഗാദിനമായി ആചരിക്കാറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യോഗ ദിനം വിപുലമായി ആചരിക്കുന്നുണ്ട്. 2022ൽ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി ദോഹയിൽ നടത്തിയ പരിപാടിയിൽ 114 രാജ്യങ്ങളിൽനിന്നുള്ളവർ പങ്കെടുത്തിരുന്നു. ഒരൊറ്റ യോഗ പരിപാടിയിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്തതിനുള്ള ഗിന്നസ് റെക്കോർഡും ആ പരിപാടിക്ക് ലഭിച്ചു.
കൂടുതൽ വിവരങ്ങൾക്ക് cul.doha@mea.gov.in, press.doha@mea.gov.in എന്നീ മെയിൽ വിലാസത്തിലും 44255709; 44255745 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.
ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ അംബാസിഡർ വിപുൽ,ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ശങ്ക്പാൽ,ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ,ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾറഹ്മാൻ എന്നിവർ പങ്കെടുത്തു.