September 04, 2024
September 04, 2024
ദുബായ്: യുഎഇയിൽ വേനൽക്കാലം ഉടൻ അവസാനിക്കുമെന്നും, ശരത്കാലം ഈ മാസം ആരംഭിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിന് മുന്നോടിയായി രാത്രികാലത്ത് താപനിലയിൽ ഗണ്യമായ കുറവനുഭവപ്പെടും. ഈ മാസാവസാനത്തോടെ കൂടുതൽ തണുപ്പനുഭവപ്പെടുകയും ചെയ്യും. സെപ്റ്റംബർ 23 ശരത്കാലത്തിന്റെ ആരംഭം അടയാളപ്പെടുത്തും. യുഎഇയിൽ രാത്രിയും പകലും ഇതോടെ ഒരുപോലെ ദൈർഘ്യമുള്ളതായിരിക്കും.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച്, സെപ്റ്റംബറിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയും ഇടിയും പ്രതീക്ഷിക്കാം. ഇത് ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. വ്യത്യസ്ത തീവ്രതയിൽ മഴയും കാറ്റിന്റെ പ്രവചനവും ഉണ്ട്. ചിലപ്പോൾ പൊടിപടലങ്ങൾ വീശുകയും ഇത് ദൃശ്യപരത കുറയ്ക്കുകയും ചെയ്യും. ഇന്ത്യൻ മൺസൂൺ ക്രമേണ ദുർബലമാകുന്നതിന്റെയും അറേബ്യൻ ഉപദ്വീപിലെ മരുഭൂമിയിലെ താപനില താഴ്ന്നതിന്റെയും ഫലമാണിത്. ഓഗസ്റ്റിനെ അപേക്ഷിച്ച് ഈ മാസം ഈർപ്പം വർധിക്കും. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
'യെമനിലെ നക്ഷത്രം' എന്നറിയപ്പെടുന്ന സുഹൈൽ നക്ഷത്രം ഓഗസ്റ്റ് 24-ന് കണ്ടെത്തിയതോടെയാണ് വേനൽക്കാലത്തിന്റെ കൊടുംചൂടിന്റെ അവസാനത്തെ അടയാളപ്പെടുത്തിയത്. നക്ഷത്രം കണ്ടുകഴിഞ്ഞാൽ ഏറ്റവും കൂടിയ ചൂടിനും തണുപ്പിനും ഇടയിൽ 40 ദിവസത്തെ കാലയളവിൽ കാലാവസ്ഥ മാറും. ഈ കാലഘട്ടം 'സുഫ്രിയ' എന്നും അറിയപ്പെടുന്നുണ്ട്. ഈ മാസം പകുതിയോടെ കാലാവസ്ഥ ക്രമേണ സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഹൈൽ നക്ഷത്രത്തിന്റെ ഉദയം കഴിഞ്ഞ് 100 ദിവസങ്ങൾക്ക് ശേഷം ശൈത്യകാലം ആരംഭിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F