November 15, 2023
November 15, 2023
ജിദ്ദ: കനത്ത മഴയെ തുടർന്ന് മക്കയിലും ജിദ്ദയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഇന്ന് (ബുധൻ) ഉച്ചയ്ക്ക് ഒരു മണി വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും, റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്‌റ എന്നിവടങ്ങളിലും അലർട്ടുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദയിലും മക്കയിലും, മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും ഇന്ന് (ബുധനാഴ്ച) സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയോടൊപ്പം ശക്തമായ കാറ്റും ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടാകും. പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും വെള്ളപ്പൊക്ക പാതകൾ, വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അപകടസാധ്യതയുള്ളതിനാൽ നീന്താൻ പോകരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. കൂടാതെ, സൗദിയിലെ മിക്ക പ്രദേശങ്ങളിലും വ്യാഴാഴ്ച വരെ കാലാവസ്ഥാ വ്യതിയാനം തുടരുമെന്നും കേന്ദ്രം അറിയിച്ചു.
അതേസമയം, യു.എ.ഇയിലും ഒമാനിലും വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായിൽ ഇന്ന് (ബുധനാഴ്ച) വൈകുന്നേരം മുതല്‍ മഴ തുടങ്ങുമെന്നാണ് അറിയിപ്പ്. നാല് ദിവസം ഇത് നീണ്ടുനില്‍ക്കും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഇടിമിന്നലിനുള്ള സാധ്യതയും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F