സൗദിയിൽ അഞ്ച് പ്രവിശ്യകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ചില സ്കൂളുകൾക്ക് ഇന്ന് അവധി
September 03, 2024
September 03, 2024
ന്യൂസ്‌റൂം ബ്യുറോ
ജിദ്ദ: സൗദിയിൽ അഞ്ച് പ്രവിശ്യകളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മക്ക, മദീന, ജിസാൻ, അസീർ, അൽബഹ എന്നിവിടങ്ങളിലാണ് മഴ തുടരുക. നജ്റാൻ, ഹാഇൽ തബൂക്കിന്റെ തെക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കടലിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റുണ്ടാകും. ഇത് മൂലം മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. അതേസമയം, ഉഷ്ണകാലം അവസാനിച്ച് ഇന്ന് (സെപ്റ്റംബർ 3) മുതൽ രാജ്യം ശരത്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രാത്രി കാലങ്ങളിൽ താപനില കുറഞ്ഞിട്ടുണ്ടെങ്കിലും ഈ മാസം പകുതി വരെ ചൂട് തുടരും.
കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, മക്ക, അൽ ജുമൂം, ബഹ്റ, അൽ കാമിൽ, റാബിഗ്, ഖുലൈസ്, എന്നിവിടങ്ങളിൽ സ്കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ ഓഫിസ് അറിയിച്ചു. ജിദ്ദയിൽ ഇന്ന് രാവിലെ പൊടിക്കാറ്റ് വീശിയിരുന്നു.
വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്ന് നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മദീന, ഖസീം,അസീർ,തബൂക്ക്,ജിസാൻ, നജ്റാൻ അൽബാഹ എന്നിവിടങ്ങളിലുൾപ്പെടെ വിവിധ മേഖലകളിലാണ് കനത്ത മഴ ലഭിച്ചത്. ജിസാൻ പ്രവിശ്യയിൽ മിന്നലേറ്റ് മൂന്ന് പേരാണ് മരിച്ചത്. ഒരേ സ്ഥലത്ത് നിന്നവരായിരുന്നു മരിച്ചവരിൽ രണ്ടുപേർ. അല്‍ദര്‍ബിലെ റംലാന്‍ ഗ്രാമത്തില്‍ മിന്നലേറ്റ് യെമനി ആട്ടിടയനും മരിച്ചു. വാദി റംലാനില്‍ രൂപപ്പെട്ട മലവെള്ളപ്പാച്ചിലിനിടെ പ്രദേശത്ത് കുടുങ്ങിയ ആടുകളെ കൊണ്ടുവരാന്‍ പോയപ്പോഴാണ് യെമനി ഇടയന് മിന്നലേറ്റത്. മക്കയിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കടപുഴകി മരം വീണ് തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരനും മരിച്ചിരുന്നു.
ശക്തമായ മഴയിലും കാറ്റിലും ജിസാനില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങി. ശക്തമായ കാറ്റില്‍ ജിസാനില്‍ ഏതാനും ഹൈടെന്‍ഷന്‍ വൈദ്യുതി ടവറുകള്‍ നിലംപതിച്ചു. അബുല്‍ജഹ്‌വ, അബുല്‍അസ്‌റാര്‍, അല്‍മഹ്ദജ്, അല്‍ഹല്‍ഹല, അല്‍അശ, അല്‍ഹംറാ, അല്‍കര്‍സ് എന്നീ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. പ്രവിശ്യയില്‍ നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിലായി. താഴ്‌വരകളില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ജിസാന്‍, പ്രവിശ്യയില്‍ പെട്ട അബൂഅരീശ്, അഹദ് അല്‍മസാരിഹ, അല്‍ത്വുവാല്‍, സ്വബ്‌യ, സ്വാംത, ദമദ്, അല്‍ഹരഥ്, അല്‍ആരിദ, അല്‍ഈദാബി, ഫൈഫ, അല്‍ദര്‍ബ്, അസീര്‍ പ്രവിശ്യയില്‍ പെട്ട അബഹ, അഹദ് റുഫൈദ, അല്‍റബൂഅ, ഖമീസ് മുശൈത്ത്, സറാത്ത് ഉബൈദ, ദഹ്‌റാന്‍ അല്‍ജുനൂബ്, അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍അഖീഖ്, അല്‍ഖുറ, മന്ദഖ്, ബല്‍ജുര്‍ശി, ബനീഹസന്‍, മഖ്‌വാ, ഖില്‍വ, അല്‍ഹജ്‌റ, ഗാമിദ് അല്‍സിനാദ് എന്നിവിടങ്ങളിലെല്ലാം ഇന്നലെ മഴ പെയ്തിരുന്നു.