യുഎഇയിലും സൗദിയിലും മഴയും ആലിപ്പഴ വർഷവും; മുന്നറിയിപ്പുമായി അധികൃതർ
September 30, 2024
September 30, 2024
ന്യൂസ്‌റൂം ബ്യുറോ
ഷാർജ: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും. ഷാർജ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലാണ് മഴയുണ്ടായത്. ഷാർജയിലെ മലീഹ, ഇബ്ൻ റാഷിദ് റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അൽദൈദ് റോഡിൽ നേരിയ ആലിപ്പഴ വർഷവുമുണ്ടായി.
മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ എത്തിയ കാറ്റിനൊപ്പമായിരുന്നു മഴ. ഇതേതുടർന്ന് ദൂരക്കാഴ്ച 3000 മീറ്ററിൽ താഴെയായി. മലനിരകളിൽനിന്ന് കുത്തിയൊലിച്ചെത്തിയ വെള്ളം ഡാമുകൾ നിറച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ചില ഭാഗങ്ങളിൽ ഇന്നും മഴ ലഭിക്കും. ശക്തമായ മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി ചില മേഖലകളില്‍ മഞ്ഞ അലര്‍ട്ട് പുറപ്പെടുവിച്ചു.
അതേസമയം, സൗദിയിലും മഴ ലഭിച്ചിരുന്നു. ശനിയാഴ്ച തുടങ്ങിയ കനത്ത മഴ രാജ്യത്തിന്റെ ചില ഭാഗങ്ങളെ സാരമായി ബാധിച്ചു. പല പ്രദേശങ്ങളിലും ജനജീവിതം തടസ്സപ്പെട്ടു. രാജ്യത്ത് കനത്ത മഴ തുടരുമെന്നും ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ പേമാരി വലിയ തോതില്‍ ബാധിച്ചു.
അസീര്‍, അല്‍ ബഹ, ജിസാന്‍, കിഴക്കന്‍ മക്ക, മദീന എന്നീ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെക്കുപടിഞ്ഞാറന്‍, പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു. മദീനയില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്കൂറിനുള്ളില്‍ കാറ്റ് 100 കിലോമീറ്റര്‍ വേഗതയിലും അടിച്ചുവീശിയതായും 34 മില്ലിമീറ്റര്‍ മഴ പെയ്തതായും ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അഭിപ്രായപ്പെട്ടു. ജബല്‍ ഉഹുദില്‍ 37 മില്ലീമീറ്ററാണ് മഴ രേഖപ്പെടുത്തിയത്.
വാഹനമോടിക്കുന്നവര്‍ അപകടസാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ഉഷ്ണമേഖലാ ഈര്‍പ്പം തെക്കന്‍ മേഖലകളിലേക്ക് നീങ്ങുന്നതിനാല്‍, ജിസാന്‍, അസീര്‍, അല്‍ ബഹ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്തതും വ്യാപകവുമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. വരുദിനങ്ങളില്‍ മഴ തീവ്രമാകുമെന്ന് പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കൊടുങ്കാറ്റ്, ഇടിമിന്നല്‍, ആലിപ്പഴം എന്നിവ ചൊവ്വാഴ്ച പ്രതീക്ഷിക്കാം. കൊടുങ്കാറ്റ് ആഴ്ചയിലുടനീളം തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.