October 26, 2024
October 26, 2024
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് (ശനിയാഴ്ച) പുലർച്ചെ മുതൽ നാളെ (ഞായറാഴ്ച) പുലർച്ചെ വരെ നേരിയതോ മിതമായതോ ആയ ഇടവിട്ടുള്ള ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യത്തിൽ കാലാവസ്ഥ പൊതുവെ സൗമ്യവും ഭാഗികമായി മേഘാവൃതവുമാകുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി വ്യക്തമാക്കി. ഭൂമിയുടെ ഉപരിതലത്തിൽ ഉയർന്ന വായു മർദം ക്രമേണ കുറയുന്നതിനും മുകളിലെ അന്തരീക്ഷത്തിലെ താഴ്ന്ന വായു മർദത്തിനും രാജ്യം സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ഇന്ന് കാലാവസ്ഥ മിതമായതും ഭാഗികമായി മേഘാവൃതവുമായിരിക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഉണ്ടാകും. ചിതറിയ മഴക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ട്. അസ്ഥിര കാലാവസ്ഥയിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. സഹായം ആവശ്യമുള്ളവർക്ക് (112) എന്ന എമർജൻസി നമ്പറിൽ വിളിക്കാം.