October 30, 2024
October 30, 2024
അബുദാബി: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് നാളെ (ഒക്ടോബർ 31) അവസാനിക്കും. എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്നും, അല്ലാത്തവരെ പിടികൂടി നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് യു.എ.ഇയിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ഫെഡറൽ അതോറിറ്റി അറിയിച്ചു.
വിസ നിയമം ലംഘിച്ച് യു.എ.ഇയിൽ തുടരുന്നവർക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും, രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും ഈ കാലയളവരിൽ അവസരമുണ്ടാകും. നാട്ടിലേക്ക് മടങ്ങാൻ എക്‌സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം സ്വന്തം നാട്ടിലേക്ക് പോകണം എന്നായിരുന്നു നേരത്തേ നിയമം. പിന്നീട് ഒക്ടോബർ 31 വരെ അതിന് സമയം നീട്ടി നൽകി.
പൊതുമാപ്പിൽ നാട്ടിലേക്ക് മടങ്ങുന്നവർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ നിയമതടസമുണ്ടാവില്ല. എന്നാൽ, പൊതുമാപ്പിന് ശേഷം പിടികൂടി നാടുകടത്തുന്നവർക്ക് രാജ്യത്തേക്ക് തിരിച്ചുവരാൻ കഴിയാത്ത വിധം പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. ഇവർക്ക് കോടതികൾ പോലും ഇളവ് നൽകില്ല. ഒക്ടോബർ 31 ന് ശേഷം അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന കർശനമാക്കുമെന്നും ICP റെസിഡൻസ് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ സുൽത്താൻ യൂസഫ് അൽ നുഐമി പറഞ്ഞു.
അതേസമയം, അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. കൂടുതൽ കൗണ്ടറുകൾ ഉൾപ്പെടെ സൗകര്യങ്ങളും വിപുലപ്പെടുത്തി. പതിനായിരത്തിലേറെ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരിൽ 85 ശതമാനവും താമസം നിയമവിധേയമാക്കി. 15 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്.