July 06, 2024
July 06, 2024
ജിദ്ദ: ഉംറക്കും ഹജ്ജിനുമായി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി വനിതകൾ ചികിത്സയിലിരിക്കെ മരിച്ചു. മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയില്‍ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കല്‍ മുഹമ്മദിന്റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു. മക്കള്‍: മുഹമ്മദ് ഷാബില്‍, മുഹമ്മദ് ഷൈഹാൻ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനും മറ്റു നടപടി ക്രമങ്ങള്‍ക്കുമായി ജിദ്ദ കെ.എം.സി.സി വെല്‍ഫയർ വിങ്ങ് രംഗത്തുണ്ട്.
അസുഖബാധയെ തുടർന്ന് മക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി ഹജ്ജ് തീർഥാടക മൂവാറ്റുപുഴ മുഴവൂർ സ്വദേശി എളത്തൂകുടിയില്‍ സൈനബ കമറുദ്ദീൻ (56)ആണ് മരിച്ച മറ്റൊരാൾ. കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴില്‍ ഹജ്ജിനെത്തിയതായിരുന്നു.
കുറച്ചു നാളായി മക്ക കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിവരമറിഞ്ഞ് സൗദിയില്‍ ജോലി ചെയുന്ന മകൻ മക്കയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് കാപ്റ്റൻ ഗഫൂർ പുന്നാട് അറിയിച്ചു.