April 25, 2024
April 25, 2024
ഇസ്താൻബുൾ: തുർക്കിയും ഇസ്രായേലും തമ്മിലുള്ള വ്യാപാരബന്ധം അവസാനിച്ചെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ. ഗസയിലെ സാഹചര്യം സമാനതകളില്ലാത്ത അനീതിയാണെന്നും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വന്തം ജനതയുടേതുൾപ്പെടെ മുഴുവൻ പ്രദേശത്തിൻ്റെയും സുരക്ഷയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജർമ്മൻ പ്രസിഡൻറുമായുള്ള കൂടിക്കാഴ്ചയിലാണ് തുർക്കി പ്രസിഡന്റിന്റെ പരാമർശം.
ഗസയിൽ ഇസ്രായേൽ ചെയ്ത കുറ്റകൃത്യങ്ങൾ കാണാതെ പോകരുതെന്നും, ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം മേഖലയുടെ സ്ഥിരതയ്ക്ക് മേലുള്ള ഗസ സംഘർഷത്തിൻ്റെ അപകടത്തിൻ്റെ ഉദാഹരണമാണെന്നും എർദോഗൻ ചൂണ്ടിക്കാട്ടി.
പാശ്ചാത്യ രാജ്യങ്ങളിലെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ എർദോഗാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കുമ്പോൾ ഗസ നശിപ്പിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, റഫയിൽ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും ഇസ്രായേൽ സേന അറിയിച്ചു. ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേൽ സജ്ജമാക്കി നിർത്തിയിരിക്കുന്നത്. 12 ലക്ഷത്തോളം പേരാണ് റഫയിലുള്ളത്. ഒഴിപ്പിക്കലും ആക്രമണവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി. റഫ ആക്രമണത്തിന് അനുമതി നൽകിയെന്ന വാർത്ത അമേരിക്ക തള്ളി. സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പെൻറഗൺ അറിയിച്ചു. ഈജിപത് ഉൾപ്പെടെ മേഖലയുടെ സുരക്ഷക്ക് വൻഭീഷണിയാകും റഫ ആക്രമണമെന്ന് ഫലസ്തീൻ സംഘടനകളും മുന്നറിയിപ്പ് നൽകി. ഇസ്രായേലിനുള്ള പുതിയ സൈനിക സഹായം അടുത്ത മണിക്കൂറുകളിൽ തന്നെ കപ്പൽ മാർഗം അയക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ജോ ബെഡൻ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F