സൗദിയിൽ ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് നാളെ അവസാനിക്കും
October 17, 2024
October 17, 2024
ന്യൂസ്‌റൂം ബ്യുറോ
റിയാദ്: സൗദിയിൽ ട്രാഫിക് നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് നാളെ (ഒക്ടോബർ 18) അവസാനിക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് ഓർമിപ്പിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റ ഉത്തരവ് പ്രകാരം ആണ് ഇളവ് പ്രഖ്യാപിച്ചത്. രാജ്യത്ത് ട്രാഫിക് നിയമലംഘനം വർധിച്ച സാഹചര്യത്തിലാണ് സൗദി അധികൃതർ ട്രാഫിക് നിയമലംഘന പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. 2024 ഏപ്രിൽ 18 മുതൽ ആറ് മാസത്തേക്കാണ് ഇളവ് കാലാവധി പ്രഖ്യാപിച്ചത്.
ഏപ്രിൽ 18 വരെയുള്ള പിഴകൾക്ക് 50 ശതമാനവും, അതിന് ശേഷമുള്ള പിഴകൾക്ക് 25 ശതമാനം ഇളവുമാണ് പ്രഖ്യാപിച്ചത്. സൗദി പൗരന്മാർ, വിദേശ താമസക്കാർ, സന്ദർശകർ, ഇതര ഗൾഫ്, അറബ് രാജ്യങ്ങളിലെ പൗരൻമാർ എന്നിവർക്കെല്ലാം ഇളവ് ബാധകമാകും. ഇളവ് ഉപയോഗപ്പെടുത്താൻ രാജ്യത്തെ ജനങ്ങളോട് സൗദി അദികൃതർ അഭ്യർഥിച്ചിട്ടുണ്ട്. റോഡിൽ വാഹനങ്ങൾ ഉപയോഗിച്ച് അഭ്യാസ പ്രകടനം, ഓവർടേക്ക്, അമിത വേഗം തുടങ്ങിയ മരണത്തിന് കാരണമാകുന്ന കുറ്റങ്ങൾക്ക് പിഴ ചുമത്തപ്പെട്ടവർക്ക് ഇളവ് അനുവദിക്കില്ലെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ബാങ്കുകളുടെ ആപ്പുകളും വെബ്‌സൈറ്റും മാത്രം ഉപയോഗിച്ചാണ് പണം അടക്കേണ്ടത്. പല വ്യാജ സൈറ്റുകളുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.