ഇസ്മായിൽ ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി മകൻ അബ്ദുൾ സലാം ഹനിയ
August 17, 2024
August 17, 2024
ന്യൂസ്‌റൂം ഇന്റർനാഷനൽ ഡെസ്ക്
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ മുൻ തലവൻ ഇസ്മായിൽ ഹനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി മകൻ അബ്ദുൾ സലാം ഹനിയ. മൊബൈൽ ഫോൺ വഴിയുള്ള നിയന്ത്രിത മിസൈൽ ആക്രമണത്തിലാണ് പിതാവ് കൊല്ലപ്പെട്ടതെന്ന് അബ്ദുൾ സലാം ഹനിയ അൽ അറബിയ ചാനലിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
“ഒരു ഗൈഡഡ് മിസൈലാണ് പിതാവിന്റെ മൊബൈൽ ഫോൺ ട്രാക്കുചെയ്‌തത്. രാത്രിയിൽ അദ്ദേഹം തലയ്ക്ക് സമീപമാണ് ഫോൺ വെച്ചിരുന്നത്. അതിനാൽ മിസൈൽ ആക്രമണം നേരിട്ട് ബാധിക്കുകയായിരുന്നു."
താമസ സ്ഥലത്ത് സ്ഥാപിച്ച ബോംബ് ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന ചില മാധ്യമ വാർത്തകൾ അബ്ദുൾ സലാം നിഷേധിച്ചു.
“പിതാവിന്റെ മുറിയിൽ നിന്ന് ഏതാനും മീറ്റർ അകലെയുള്ള ഒരു മുറിയിൽ അംഗരക്ഷകരും മറ്റ് ഉപദേശകരും ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നെങ്കിൽ, മുഴുവൻ സ്ഥലം പൊട്ടിത്തെറിക്കുമായിരുന്നു. എന്റെ പിതാവ് ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കുകയും മൊബൈൽ ഫോൺ കൈവശം വയ്ക്കുകയും ചെയ്തു. അതിനാൽ ഓപ്പറേഷൻ അത്ര സങ്കീർണ്ണമായിരുന്നില്ല. അന്ന് അദ്ദേഹം ഫോൺ നിരന്തരം ഉപയോഗിച്ചിരുന്നു. രാത്രി 10:15 ന് പോലും ഫോൺ ഉപയോഗിച്ചു.
ജൂലൈ 31 ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെ സ്ഥാനാരോഹണ ചടങ്ങിന് തൊട്ടുപിന്നാലെയാണ് ഹനിയയും അംഗരക്ഷകനും കൊല്ലപ്പെട്ടത്.
അതേസമയം, ദോഹയിൽ നടന്ന രണ്ട് ദിവസത്തെ വെടിനിർത്തൽ ചർച്ചകൾക്കിടെ, കരാറിൽ ഇസ്രായേൽ ഏർപ്പെടുത്തിയ പുതിയ വ്യവസ്ഥകൾ ഹമാസ് നിരസിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ (വെള്ളിയാഴ്ച) രണ്ട് ഹമാസ് ഉദ്യോഗസ്ഥർ എഎഫ്‌പിയോട് ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം.
"സമ്പൂർണ വെടിനിർത്തൽ, ഗസ സ്ട്രിപ്പിൽ നിന്നുള്ള പൂർണ്ണമായ പിൻവാങ്ങൽ, കുടിയിറക്കപ്പെട്ടവരുടെ സാധാരണ തിരിച്ചുവരവ്, അധിനിവേശം നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങളും വ്യവസ്ഥകളും ഇല്ലാതെ ഒരു എക്സ്ചേഞ്ച് ഡീൽ എന്നിവയിൽ കുറഞ്ഞതൊന്നും ഹമാസ് അംഗീകരിക്കില്ല" എന്ന് ഹമാസ് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് ആ.എഫ്.പി റിപ്പോർട്ട് ചെയ്തത്.