ദുബായ്: യുഎഇയില്‍ പൊതുമാപ്പ് സെപ്റ്റംബർ 1ന് ആരംഭിക്കാനിരിക്കെ,തട്ടിപ്പുസംഘങ്ങൾ വ്യാജവാഗ്ദാനങ്ങളുമായി വല വിരിക്കാൻ തുടങ്ങി.5,000 ദിർഹത്തിന് റെസിഡൻസി വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.ഇത്തരം വാഗ്ദാനങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ജാഗ്രതാ നിർദേശവുമായി അധികൃതർ രംഗത്തെത്തി.
സെപ്റ്റംബര്‍ ഒന്ന് (ഞായറാഴ്ച) മുതൽ രണ്ട് മാസത്തേക്കാണ് പൊതുമാപ്പ് നിലവിലുണ്ടാവുക. അനധികൃതമായി താമസിക്കുന്നവര്‍ക്ക് ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറി തങ്ങളുടെ റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ അല്ലെങ്കില്‍ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവര്‍ണാവസരമാണിത്.
എന്നാൽ, പൊതുമാപ്പിന്റെ മറവിൽ കുറഞ്ഞ ചിലവിൽ റസിഡൻസി വിസ പുതുക്കാം എന്ന വാഗ്ദാനവുമായി തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 5,000 ദിർഹത്തിന് റെസിഡൻസി വിസ ഉറപ്പാക്കാമെന്ന വാഗ്ദാനവുമായി ആളുകൾ തങ്ങളെ സമീപിച്ചതായി ജബൽ അലിയിലും സോനാപൂരിലും താമസിക്കുന്ന ഏതാനും പ്രവാസികൾ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ വേഗത്തിലും ചുരുങ്ങിയ ചെലവിലും മാർഗം തേടുന്ന വിദേശികളുടെ നിരാശ മുതലെടുക്കുന്നതിനാണ് ഇത്തരം തട്ടിപ്പുകാർ ശ്രമിക്കുന്നതെന്ന് ഇമിഗ്രേഷൻ വിഭാഗവുമായി ബന്ധപ്പെട്ട വിദഗ്ധർ മുന്നറിയിപ്പ് നൽകി.
“വെറും 5,000 ദിർഹത്തിന് റെസിഡൻസി വിസ തരാമെന്ന് വാഗ്ദാനം ചെയ്ത ഒരാൾ എന്നെ സമീപിച്ചു. എന്നാൽ അയാളുടെ കമ്പനിയെ കുറിച്ചും അവർ വാഗ്ദാനം ചെയ്യുന്ന തസ്തികയെ കുറിച്ചും കൂടുതൽ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഒരു ടൈപ്പിംഗ് സെൻ്റർ എക്സിക്യൂട്ടീവാണ് എന്നെ സമീപിച്ചത്. എൻ്റെ സ്റ്റാറ്റസ് ക്ലിയർ ചെയ്തതിന് ശേഷം എനിക്ക് ജോലി ഉറപ്പാക്കാൻ കഴിഞ്ഞാൽ, എനിക്ക് രാജ്യത്ത് തുടരാമെന്നായിരുന്നു വാഗ്ദാനം."- 35 കാരനായ പാകിസ്ഥാൻ പൗരൻ പറഞ്ഞു.
സോനാപൂരിൽ താമസിക്കുന്ന 39 വയസ്സുള്ള മറ്റൊരു വിദേശിയെയും ഇത്തരം തട്ടിപ്പുകാർ സമീപിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
"ഖാൻ എന്ന് പേരുള്ള ഒരാൾ എന്നെ രണ്ട് തവണ സമീപിച്ചു. എന്നെ പ്രലോഭിപ്പിക്കുന്ന ഓഫറുകൾ അയാൾ നൽകി. എൻ്റെ മൊത്തം പിഴ 70,000 ദിർഹത്തിൽ കൂടുതലാണ്. എന്നാൽ, 8000 ദിർഹത്തിൽ എൻ്റെ എല്ലാ പിഴകളും ക്ലിയർ ചെയ്യപ്പെടുമെന്നും, എനിക്ക് ഒരു പുതിയ റെസിഡൻസി വിസ ലഭിക്കുമെന്നും അയാൾ എന്നോട് പറന്നു. എനിക്ക് അവനെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ തട്ടിപ്പുകാർ സോനാപൂരിലെ ധാരാളം താമസക്കാരെ സമീപിക്കുന്നുണ്ട്," അദ്ദേഹം പറയുന്നു.
"സന്ദർശന വിസ കാലഹരണപ്പെട്ടതിനെത്തുടർന്ന് ഒരു വർഷത്തോളമായി യുഎഇയിൽ കുടുങ്ങിക്കിടക്കുകയാണ് ഞാൻ. 6,000 ദിർഹത്തിന് റെസിഡൻസി വിസ തരാമെന്ന് വാഗ്ദാനം ചെയ്ത് ചിലർ എന്നെ സമീപിച്ചു. എന്നാൽ ഇവർക്കൊന്നും ഓഫീസോ ശരിയായ സജ്ജീകരണമോ ഉണ്ടായിരുന്നില്ല. ചിലർ ഈ തട്ടിപ്പിൽ വീണു എന്ന് കേട്ടിട്ടുണ്ട്. എൻ്റെ വിസ ശരിയാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ഇവർ എങ്ങനെ മനസ്സിലായെന്ന് എനിക്കറിയില്ല. പക്ഷേ എൻ്റെ പക്കലുള്ള കുറച്ച് പണം ഒരു അഴിമതിയിലൂടെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ല," തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു ഇന്ത്യൻ പ്രവാസി പറഞ്ഞു.
അതേസമയം, പൊതുമാപ്പുമായി ബന്ധപ്പെട്ട നിബന്ധനകളും നിര്‍ദേശങ്ങളും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) പുറത്തുവിട്ടു. വിസ കാലാവധി കഴിഞ്ഞുള്ള അധിക താമസത്തിന് പിഴയോ, രാജ്യത്തു നിന്ന് പുറത്തുകടക്കാന്‍ എക്സിറ്റ് ഫീസോ ഈടാക്കില്ലെന്ന് ഐസിപി അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് വീണ്ടും തിരിച്ചുവരുന്നതിന് പ്രവേശന വിലക്ക് ഉണ്ടായിരിക്കില്ല. മറ്റൊരു സാധുവായ വിസയില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാം. ടൂറിസ്റ്റ് വിസകളും കാലഹരണപ്പെട്ട റെസിഡന്‍സി വിസകളും ഉള്‍പ്പെടെ എല്ലാത്തരം വിസകളും പൊതുമാപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ജനിച്ചവര്‍ക്ക് ആവശ്യമായ രേഖകളുമില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും പദവി ശരിയാക്കാനും കഴിയും. സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിനായി അപേക്ഷിക്കാം. പൊതുമാപ്പ് പ്രകാരം എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചുകഴിഞ്ഞാല്‍ 14 ദിവസത്തിനകം യുഎഇ വിടണമെന്ന് നിബന്ധനയുണ്ട്.
ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ, റസിഡന്‍സ് വിസ ഉള്‍പ്പെടെയുള്ള താമസ നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്ക് അപേക്ഷിക്കാം. യുഎഇ റസിഡന്‍സി വിസയുടെ കാലാവധി കഴിഞ്ഞവര്‍ക്കും സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. വിദേശികളുടെ യുഎഇയില്‍ ജനിച്ച മക്കള്‍ക്ക് ജനനത്തീയതി മുതല്‍ നാല് മാസത്തിനുള്ളില്‍ അവന്റെ/അവളുടെ റെസിഡന്‍സി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാം. എന്നാൽ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 2024 സെപ്റ്റംബർ ഒന്നിന് ശേഷമുള്ള റസിഡന്‍സി, വിസ ലംഘകര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാന്‍ അനുവാദമില്ല. യുഎഇയിലോ ഏതെങ്കിലും ജിസിസി രാജ്യത്തിലോ നാടുകടത്തല്‍ കേസുകളുള്ളവര്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശേഷം ഒളിവില്‍ കഴിയുന്നവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാനാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
പൊതുമാപ്പിന് അപേക്ഷിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും ഐസിപി അഭ്യർഥിച്ചു. പൊതുമാപ്പ് തീർന്നാൽ നവംബർ 1 മുതൽ നിയമലംഘകർക്കായി പരിശോധന ശക്തമാക്കും. പിടിക്കപ്പെട്ടാൽ തടവും പിഴയും നാടുകടത്തലുമാകും ശിക്ഷ.
യുഎഇയിൽ വിസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവർക്ക് ഓരോ ദിവസവും 50 ദിർഹമാണ് പിഴ. എത്ര ദിവസമാണ് അനധികൃതമായി താമസിച്ചത് അത്രയും തുകയാണ് ഈടാക്കാറുള്ളത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് ഇത് നൽകേണ്ടതില്ല.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F