ട്രാഫിക് പിഴകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
September 18, 2024
September 18, 2024
ന്യൂസ്‌റൂം ബ്യുറോ
മസ്കത്ത്: ട്രാഫിക് പിഴ അടക്കണമെന്ന് ആവശ്യപെട്ട് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സ്വകാര്യ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ട് പണം തട്ടുന്ന സംഘങ്ങളാണ് ഇവർ. ട്രാഫിക് നിയമം ലംഘിച്ചതിന്റെ പിഴ ഉടൻ അടക്കണമെന്നാവിശ്യപ്പെട്ട് ഫോണിലേക്ക് സന്ദേശം അയക്കും. അടക്കേണ്ട തുകയും ഓൺലൈൻ ലിങ്കും അടക്കമാണ് സന്ദേശം വരുന്നത്. പലരും ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിച്ച് ലിങ്കിൽ ക്ലിക് ചെയ്തതോടെയാണ് തട്ടിപ്പാണെന്നു മനസ്സിലാവുന്നത്.
നടക്കുന്നത് സംഘടിത ഓൺലൈൻ തട്ടിപ്പാണെന്ന് ഒമാൻ പോലീസ് വ്യക്തമാക്കി. പൊലീസാണെന്ന് പറഞ്ഞാണ് മെസേജ് അയക്കുന്നത്. സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ, അവരുടെ സ്വകാര്യ, ബാങ്ക് ഡാറ്റ പൂരിപ്പിയ്ക്കാൻ ആവശ്യപ്പെടും. ഇതിലൂടെ തട്ടിപ്പുകാർ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചെടുക്കുകയും ചെയ്യും. പൗരന്മാരും പ്രവാസികളുമടക്കം ഇത്തരം തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും അജ്ഞാത സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദർഭങ്ങളിൽ സ്വകാര്യ, ബാങ്കിംഗ് ഡാറ്റ വെളിപ്പെടുത്തുന്നത് ഒഴിവാക്കണമെന്നും മെസേജുകൾ വ്യാജമാണോ എന്ന് ഉറപ്പു വരുത്തണമെന്നും ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണമെന്നും റോയൽ ഒമാൻ പോലീസ് കൂട്ടിച്ചേർത്തു.