May 13, 2024
May 13, 2024
റിയാദ്: സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന പ്രക്രിയ സുതാര്യവും സുഗമവുമാക്കാൻ ‘വേതന സംരക്ഷണ’ സേവനം ഔദ്യോഗികമായി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. നിലവിലെ കരാറുകൾക്ക് അനുസൃതമായി വേതന സംരക്ഷണം ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് പദ്ധതി. ഹൗസ് ഡ്രൈവർമാർ അടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ മേഖല വികസിപ്പിക്കുന്നതിലും, തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും അവകാശങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിക്കുന്നത്.
“മുസാനിദ്” പ്ലാറ്റ്‌ഫോം വഴി ഡിജിറ്റൽ വാലറ്റുകളിലൂടെയും അംഗീകൃത ബാങ്കുകളിലൂടെയുമായിരിക്കും ശമ്പളം നൽകേണ്ടത്. ഇതോടെ വേതനം കൈമാറുന്നതിന്റെ സുരക്ഷയും വിശ്വാസ്യതയും വർധിപ്പിക്കാനാകുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു.
പുതിയ കരാറുകൾക്ക് കീഴിൽ വരുന്ന ഗാർഹിക തൊഴിലാളികൾക്ക് 2024 ജൂലൈ 1 മുതൽ പുതിയ സേവനം ബാധകമാകും. നിലവിലുള്ള കരാറുകളെ സംബന്ധിച്ചിടത്തോളം, ഓരോ തൊഴിലുടമയുടെയും ഗാർഹിക തൊഴിലാളികളുടെ എണ്ണം അനുസരിച്ച് ഘട്ടം ഘട്ടമായി ഇക്കാര്യം നടപ്പാക്കണം. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് 2025 ജനുവരി ഒന്നിനും, മൂന്ന് തൊഴിലാളികളുള്ളവർക്ക് 2025 ജൂലൈ ഒന്നിനും, രണ്ട് തൊഴിലാളികൾ ഉള്ളവർക്ക് 2025 ഒക്‌ടോബർ ഒന്നിനും പദ്ധതി ബാധകമാകും. 2026 ജനുവരി ഒന്നിനകം എല്ലാ ഗാർഹിക ജോലിക്കാരെയും പദ്ധതിയിലുൾപ്പെടുത്തുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F