July 02, 2024
July 02, 2024
ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്.എം.സി) മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്റർ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ഇന്നലെ (തിങ്കളാഴ്ച) ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം അദ്ദേഹം സേവനങ്ങളും സംവിധാനങ്ങളും പരിശോധിച്ചു. കിടപ്പുരോഗികൾക്കായി 250 കിടക്കകളുള്ള ആശുപത്രിയിൽ രോഗികളുടെ സുരക്ഷക്ക് മുൻഗണന നൽകി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിൽ ഗവേഷകരെയും ക്ലിനിക്കൽ പങ്കാളികളെയും പിന്തുണക്കുന്ന സൗകര്യങ്ങളുമുണ്ട്.
ദോഹയിലെ ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം നാല് നിലകളും ഒരു ബേസ്മെന്റും ഉൾപ്പെടുന്നു. പീഡിയാട്രിക് ഐ.സി.യു, പീഡിയാട്രിക് ഡേ കെയർ യൂനിറ്റ്, പീഡിയാട്രിക് വാർഡ് എന്നിവ ഉൾക്കൊള്ളുന്ന കുട്ടികളുടെ ചികിത്സാലയവും പ്രായമായവരെ പരിചരിക്കാനുള്ള സൗകര്യവും പാലിയേറ്റിവ് കെയർ യൂനിറ്റും ഔട്ട് പേഷ്യന്റ് പ്രോസ്തെറ്റിക്സ് ക്ലിനിക്കും കിടപ്പുരോഗികൾക്കുള്ള ഫിസിയോതെറപ്പി ജിം, പുരുഷന്മാർക്കും സ്ത്രീകൾക്കും കാത്തിരിപ്പ് കേന്ദ്രങ്ങൾ, മൾട്ടി പർപ്പസ് റൂമുകൾ എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
രാജ്യത്തുള്ളവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണം നൽകാനുള്ള ഹമദ് മെഡിക്കൽ കോർപറേഷന്റെ പ്രതിബദ്ധതയാണ് ഗവേഷണ കേന്ദ്രം സൂചിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വുമൻസ് വെൽനെസ് സെന്റർ, ആംബുലേറ്ററി കെയർ സെന്റർ, ഖത്തർ റിഹാബിലിറ്റേഷൻ സെന്റർ എന്നീ സ്പെഷലൈസ്ഡ് ആശുപത്രികളിലേക്ക് ബന്ധിപ്പിക്കുന്ന പാലവും നിർമിച്ചിട്ടുണ്ട്.