February 11, 2024
February 11, 2024
ദോഹ: ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐ.സി.ബി.എഫ്) സംയുക്തമായി ഫെബ്രുവരി 9,വെള്ളിയാഴ്ച ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ പ്രത്യേക കോണ്‍സുലര്‍ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണി മുതല്‍ 11 മണി വരെ നിശ്ചിയിച്ചിരുന്ന ക്യാമ്പ് ഉച്ചകഴിഞ്ഞ് 1.30 വരെ നീണ്ടു. ക്യാമ്പില്‍ വലിയ ജനപങ്കാളിത്തമാണുണ്ടായതെന്നും ഏകദേശം 224 ഓളം പേര്‍ വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
ഔദ്യോഗികമായി രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിച്ചതെങ്കിലും അതിരാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. രാവിലെ 7.30 ന് തന്നെ, ഐ.സി. ബി.എഫ് സ്റ്റാഫും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും, കമ്യൂണിറ്റി വോളണ്ടിയേഴ്‌സും അടങ്ങുന്ന ടീം സജ്ജമായതിനാല്‍ തിരക്ക് ഏറെക്കുറെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അവസാനത്തെ അപേക്ഷകനും ആവശ്യമായ സഹായവും മാര്‍ഗനിര്‍ദേശവും ലഭിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ക്യാമ്പ് അവസാനിപ്പിച്ചത്.
നവജാതശിശുക്കള്‍ക്കുള്ള പുതിയ പാസ്പോര്‍ട്ടുകള്‍, നിലവിലെ പാസ്പോര്‍ട്ട് പുതുക്കല്‍, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ (പി.സി.സി), സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ക്യാമ്പില്‍ ലഭ്യമായിരുന്നു. ഏഷ്യന്‍ ടൗണ്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകള്‍ക്കും, ജോലി സമയത്തിലെയും, ഗതാഗത സൗകര്യങ്ങളുടെയും പരിമിതികള്‍ കൊണ്ടും, പ്രവൃത്തി ദിവസങ്ങളില്‍ എംബസി സേവനങ്ങള്‍ക്കായി ദോഹയിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് വളരെ സഹായകരമായി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീന അഹദ്, അബ്ദുള്‍ റഊഫ് കൊണ്ടോട്ടി, ശങ്കര്‍ ഗൗഡ്, ഉപദേശക സമിതി അംഗം ശശിധര്‍ ഹെബ്ബാല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഐ.സി. ബി.എഫ് ടീം ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നല്‍കി. ഐ.സി.ബി.എഫ് ജീവനക്കാരും, കമ്മ്യൂണിറ്റി വോളണ്ടിയേഴ്‌സും, ഇമാര ഹെല്‍ത്ത് കെയര്‍ ജീവനക്കാരും സഹായത്തിനായി രംഗത്തുണ്ടായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക് പുറമേ, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പില്‍ ഒരുക്കിയിരുന്നു.
അതേസമയം പുതുക്കിയ പാസ്‌പോര്‍ട്ടുകള്‍ ഫെബ്രുവരി 16,വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ, ക്യാമ്പ് നടന്ന സ്ഥലത്ത് വിതരണം ചെയ്യും. ഒറിജിനല്‍ രസീതുമായി എത്തി പാസ്‌പോര്‍ട്ട് കൈപ്പറ്റാമെന്ന് ഐ.സി.ബി.എഫ് അധികൃതര്‍ അറിയിച്ചു. അതിന് ശേഷമുള്ള ദിവസങ്ങളില്‍ ഐ.സി.ബി.എഫ് ഓഫീസില്‍ എത്തിയും പാസ്‌പോര്‍ട്ട് വാങ്ങാന്‍ കഴിയും.
ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F