എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം രണ്ടാം തവണയും ഖത്തറിന്റെ അക്രം അഫീഫിന്
October 29, 2024
October 29, 2024
ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക്
ദോഹ: 2023/24 സീസണിലെ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഖത്തറിന്റെ അക്രം അഫീഫിന്. രണ്ടാം തവണയും എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന കളിക്കാരന്‍ എന്ന ബഹുമതിയും ഇതോടെ അഫീഫ് സ്വന്തമാക്കി. സിയോളിലെ ക്യുങ് ഹീ സർവകലാശാലയിലെ ഗ്രാൻഡ് പീസ് പാലസിൽ നടന്ന എഎഫ്‌സി വാർഷിക അവാർഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ജോർദാനിലെ യസാൻ അൽ നൈമത്തിനെയും, കൊറിയൻ റിപ്പബ്ലിക്കിന്റെ സിയോൾ യംഗ്-വുവിനെയും പരാജയപ്പെടുത്തിയാണ് അക്രം അവാർഡ് നേടിയത്. 2019ലാണ് അക്രം ആദ്യ എഎഫ്‌സി പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയത്. ജപ്പാൻ്റെ ഹിഡെറ്റോഷി നകാറ്റ (1997, 1998), ഉസ്ബെക്കിസ്ഥാൻ്റെ സെർവർ ഡിജെപറോവ് (2008, 2011) എന്നിവർക്ക് ശേഷം ഒന്നിലധികം തവണ എ.എഫ്.സി പ്ലെയര്‍ ഓഫ് ദി ഇയര്‍ അവാർഡ് നേടുന്ന പ്ലെയേറാണ് അക്രം. മോസ്റ്റ് വാല്യൂയബിൾ പ്ലെയർ, യിലി ടോപ് സ്കോറർ എന്നീ പുരസ്കാരങ്ങളും അക്രം സ്വന്തമാക്കി.
അതേസമയം, എ.എഫ്.സി ഏഷ്യൻ കപ്പ് 2023 അപ്പ്രീസിയേഷൻ അവാർഡ് ഖത്തർ ഫുട്ബോൾ അസോസിയേഷനും (ക്യു.എഫ്.എ) നേടി. ഏഷ്യയിലെ പ്രധാന മത്സരമായ എ.എഫ്.സി ഏഷ്യൻ കപ്പ് 2023 മത്സരത്തിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയതിനാണ് നേട്ടം. ക്യു.എഫ്.എ പ്രസിഡന്റ് ജാസിം റാഷിദ് അൽ ബുഹൈനാൻ ഏറ്റുവാങ്ങി. എ.എഫ്.സി പ്രസിഡന്റ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫയാണ് അവാർഡ് നൽകിയത്.