പാരീസ് ഒളിമ്പിക്‌സ് 2024: ഖത്തർ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു
July 08, 2024
July 08, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ : പാരീസ് ഒളിമ്പിക്‌സിനുള്ള ഖത്തർ അത്‌ലറ്റിക്‌സ് ടീമിനെ പ്രഖ്യാപിച്ചു. 33-ാമത് എഡിഷനിലെ പാരീസ് ഒളിമ്പിക്‌സിൽ 14 പുരുഷ-വനിതാ അത്‌ലറ്റുകൾ പങ്കെടുക്കുമെന്ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി) അറിയിച്ചു. ഇന്നലെ (ഞായറാഴ്ച) നടന്ന വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്യുഒസി സ്പോർട്സ് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഈസ അൽ ഫദാല, ടൂർണമെന്റിലെ ഖത്തരി അഡ്മിനിസ്‌ട്രേറ്റീവ് ഡെലിഗേഷൻ ഡയറക്ടർ മുഹമ്മദ് സഈദ് അൽ മിസ്‌നാദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിലെ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത് ആഗസ്റ്റ് ഒന്നിനാണ്.
ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് മുഅതസ് ബർഷിമാണ് ടീമിനെ നയിക്കുക. ബർഷിം തന്നെയാണ് ഇത്തവണയും ഖത്തറിന്റെ പ്രതീക്ഷ. ഹൈജംപ് പിറ്റിൽ മുഅതസ് ഒരിക്കൽ കൂടി മികവ് തെളിയിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്. മുഅതസ് അടക്കം പതിമൂന്ന് ഖത്തരി അത്‌ലറ്റുകളാണ് ഇത്തവണ ഒളിമ്പിക്‌സ് യോഗ്യത നേടിയത്.
14 കായികതാരങ്ങൾ:
അത്ലെറ്റിക്സ്: മുഅതസ് എസ്സ ബർഷിം, അബ്ദുറഹ്മാൻ സാംബ, അബൂബക്കർ ഹൈദർ, ബാസെം ഹുമൈദ, ഇസ്മായിൽ ദാവൂദ്, അമ്മാർ ഇസ്മായിൽ, സെയ്ഫ് മുഹമ്മദ്, ഷഹദ് മുഹമ്മദ്
ഷൂട്ടിംഗ്: സയീദ് അബു ഷറബ്, റാഷിദ് സാലിഹ് അൽ അദുബ
വെയിറ്റ് ലിഫ്റ്റിംഗ്: ഇബ്രാഹിം ഹുസൂന
ബീച്ച് വോളിബോൾ: ഷെരീഫ് യൂനിസ്, അഹമ്മദ് തേജൻ
സ്വിമ്മിംഗ്: അബ്ദുൽ അസീസ് അൽ ഒബൈദ്ലി
പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഖത്തറിന്റെ പതാക ഉയർത്തി പിടിക്കാൻ മുതാസ് ബർഷാമിനെയും ഷഹാദ് മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഖത്തർ അത്‌ലറ്റുകൾ ജൂലൈ 19 ന് പാരീസിലെത്തി തുടങ്ങും.
2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ രണ്ട് സ്വർണം ഉൾപ്പെടെ മൂന്ന് മെഡലുകളാണ് ഖത്തർ നേടിയത്. അത്‌ലറ്റിക്‌സിലെ ഹൈജമ്പ് ഇനത്തിൽ മുതാസ് ബർഷാമും 96 കിലോഗ്രാം വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ ഫാരെസ് ഇബ്രാഹിമുമായിരുന്നു ചാമ്പ്യന്മാർ. കൂടാതെ, അഹമ്മദ് ടിജാനും ഷെരീഫ് യൂനിസും അടങ്ങുന്ന ബീച്ച് വോളിബോൾ ടീമിന് വെങ്കല മെഡലും ഉണ്ടായിരുന്നു.