ഖത്തറും സൗദി അറേബ്യയും പുതിയ മാധ്യമ സഹകരണ കരാറിൽ ഒപ്പുവച്ചു
October 15, 2024
October 15, 2024
ന്യൂസ്‌റൂം ബ്യുറോ
ഖത്തറും സൗദി അറേബ്യയും തമ്മിൽ പുതിയ മാധ്യമ സഹകരണ കരാറിൽ ഒപ്പുവച്ചു. ഖത്തർ ന്യൂസ് ഏജൻസിയും (ക്യുഎൻഎ) സൗദി പ്രസ് ഏജൻസിയുമാണ് (എസ്‌പിഎ) സഹകരണത്തിനും വാർത്താ വിനിമയത്തിനുമായി കരാർ ഒപ്പുവെച്ചത്. എസ്പിഎയുടെ ആക്ടിംഗ് പ്രസിഡന്റ് അലി അൽസൈദും ക്യുഎൻഎ ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ സയീദ് അൽ റുമൈഹിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഞായറാഴ്ച ദോഹയിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി, സൗദി അറേബ്യയിലെ മാധ്യമ മന്ത്രി സൽമാൻ അൽ ദോസരി, ഖത്തർ മീഡിയ കോർപ്പറേഷൻ ചെയർമാൻ ഷെയ്ഖ് ഹമദ് ബിൻ താമർ അൽതാനി, ഖത്തറിലെ സൗദി അംബാസഡർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ രാജകുമാരൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള, പ്രത്യേകിച്ച് മാധ്യമ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും സംയുക്ത മാധ്യമ സംരംഭങ്ങൾ വിപുലീകരിക്കേണ്ടതിനെ കുറിച്ചും ഇരുവരും സംസാരിച്ചു. എഡിറ്റിംഗിലും ഫോട്ടോഗ്രാഫിയിലും പരിശീലന പരിപാടികൾ, വാർത്താ നിർമ്മാണത്തിൽ നൂതന സാങ്കേതികവിദ്യകളുടെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും സംയോജനം തുടങ്ങിയ വിവിധ സംരംഭങ്ങളിലൂടെ സഹകരണം വളർത്തിയെടുക്കാനും ഇത് ലക്ഷ്യമിടുന്നു.