July 06, 2024
July 06, 2024
റിയാദ്: സൗദിയിൽ പൊതുമുതൽ നശിപ്പിച്ചാൽ കടുത്ത പിഴ. മുനിസിപ്പൽ മന്ത്രാലയത്തിന്റെ പുതിയ നിയമപരിഷ്‌കാരത്തിലാണ് പിഴയും ശിക്ഷയും കടുപ്പിച്ചത്.
റോഡുകൾക്ക് കേടുപാട് വരുത്തുകയോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. റോഡപകടങ്ങളിൽ റോഡുകൾക്കും അനുബന്ധ ഗതാഗത സംവിധാനങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനാവശ്യമായ നഷ്ടപരിഹാരം ഈടാക്കുവാനും പുതിയ നിയമത്തിൽ പറയുന്നുണ്ട്.
റോഡപകടങ്ങളെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് തതുല്യമായ നഷ്ടപരിഹാരം ഈടാക്കും. എന്നാൽ അപകടം റോഡിന്റെ ശോചനീയവസ്ഥ കാരണമാണെങ്കിൽ തതുല്യമായ നഷ്ടപരിഹാരം ബന്ധപ്പെട്ട വകുപ്പുകൾ നൽകേണ്ടി വരും. റോഡിൽ പെട്രോളിയം ഉത്പന്നങ്ങൾ നിക്ഷേപിക്കുക, വാഹനങ്ങളിൽ നിന്ന് മാലിന്യമോ മറ്റു ഖര വസ്തുക്കളോ റോഡിലേക്ക് ഇടുക, റോഡ് കയ്യേറുക, ഭാഗികമായോ പൂർണമായോ റോഡ് തടസ്സപ്പെടുത്തുക തുടങ്ങി നിയമലംഘനങ്ങൾക്ക് 3,000 റിയാൽ പിഴയും തടവും ശിക്ഷ ലഭിക്കും. റോഡുകൾ, ഡ്രൈയിനേജ് ചാനലുകൾ, മാലിന്യ ശേഖരണ സംവിധാനങ്ങൾ എന്നിവ നശിപ്പിച്ചാൽ അവയുടെ അറ്റകുറ്റപണികൾക്കാവശ്യമായ ചിലവ് ലംഘകരിൽ നിന്നും ഈടാക്കും. ഒന്നിലധികം നിയമലംഘകരുണ്ടെങ്കിൽ പിഴ തുക എല്ലാവരിൽ നിന്നുമായാണ് ഈടാക്കുക.