January 22, 2024
January 22, 2024
ഡല്‍ഹി : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ പൂര്‍ത്തിയായി. ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. ഇന്ത്യന്‍ സമയം 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം വെള്ളിക്കുടയും പട്ടുപുടവയും പ്രധാനമന്ത്രി ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു.
ക്ഷണിക്കപ്പെട്ട ഏഴായിരത്തോളം പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം. വിദേശ പ്രതിനിധികള്‍ക്ക് പുറമെ കലാ- സാംസ്‌കാരിക- കായിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രജനികാന്ത്, ചിരഞ്ചീവി, മാധുരി ദീക്ഷിത്, കത്രീന കൈഫ്, ആലിയ ഭട്ട്, രണ്‍ബിര്‍ കപൂര്‍, ആയുഷ്മാന്‍ ഖുറാന, കങ്കണ റാവത്ത്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൈന നെഹ്‌വാള്‍, മിതാലി രാജ്, പി വി സിന്ധു , ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ചടങ്ങുകള്‍ക്ക് ശേഷം പരിപാടിയില്‍ പങ്കെടുത്തവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. നാളെ മുതല്‍ ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. അതേസമയം വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് ഉത്തര്‍പ്രദേശിലും പരിസരത്തും കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F