മസ്കത്ത്: ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ ഇറക്കുമതി ചെയ്യുന്നതിന് നിരോധനമേർപ്പെടുത്തി. ഇന്ന് (സെപ്റ്റംബർ 1) മുതലാണ് നിരോധനമേർപ്പെടുത്തുന്നത്. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഒമാൻ കസ്റ്റംസുമായി ചേർന്നാണ് നിരോധനം നടപ്പാക്കുക. പാരിസ്ഥിതിക ആഘാതം പരിഹരിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒമാനിലെ മന്ത്രിതല തീരുമാന പ്രകാരം കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 1,000 ഒമാനി റിയാലിന്റെ അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
2027ഓടെ ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനത്തിന് ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നുത് നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F