ഖത്തർ നാഷണൽ ലൈബ്രറിയിൽ ഓഗസ്റ്റ് 1 മുതൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു
July 23, 2024
July 23, 2024
ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയിൽ (ക്യുഎൻഎൽ) ഓഗസ്റ്റ് 1 മുതൽ 15 വരെ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ലൈബ്രറിയുടെ എഞ്ചിനീയറിംഗിന്റെയും രൂപകൽപ്പനയുടെയും സൗന്ദര്യശാസ്ത്രം ഉയർത്തിക്കാട്ടുന്ന കലാപരമായ ചിത്രങ്ങളാണ് മത്സരാർത്ഥികൾ സമർപ്പിക്കേണ്ടത്.
മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സാധുവായ ഖത്തർ ഐഡി നിർബന്ധമാണ്. കൂടാതെ, 18 വയസോ അതിൽ കൂടുതലുമുള്ളവരോ ആയിരിക്കണം. ഓരോ മത്സരാർത്ഥികൾക്കും നാല് ഫോട്ടോകൾ വരെ സമർപ്പിക്കാം. മറ്റൊരു വ്യക്തി എടുത്ത ഫോട്ടോ മത്സരത്തിൽ സമർപ്പിക്കാൻ അനുവദിക്കില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിച്ച ഫോട്ടോകളും അനുവദനീയമല്ല. മത്സരത്തിനായി നൽകുന്ന ഫോട്ടോകൾ ഉയർന്ന നിലവാരമുള്ളതും, ഉയർന്ന റെസല്യൂഷനുള്ളതുമായിരിക്കണം. ആവശ്യമാണെങ്കിൽ മെച്ചപ്പെടുത്തലുകൾക്കായി ഫോട്ടോ എഡിറ്റ് ചെയ്യാനും കളർ-ഗ്രേഡ് ചെയ്യാനും അനുവദിക്കും. ഫോട്ടോകൾ പകർത്താൻ ഉപയോഗിക്കുന്ന ഉപകരണത്തിന് പരിമിതികളൊന്നുമില്ല.
മത്സരത്തിൽ പങ്കെടുക്കാൻ ഫോട്ടോകൾ നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു പുതിയ പോസ്റ്റായി പ്രസിദ്ധീകരിക്കണം. പഴയതോ പുതിയതോ ചിത്രങ്ങൾ സമർപ്പിക്കാം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 15 കാലയളവിലാണ് ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പ്രസിദ്ധീകരിക്കേണ്ടത്. എൻട്രികൾ കാണുന്നതിന് പ്രൊഫൈലുകൾ പബ്ലിക് അക്കൗണ്ട് ആയിരിക്കണം. സാധുവായ എൻട്രി ആകാൻ പോസ്‌റ്റിന്റെ അടിക്കുറിപ്പിൽ #QNLThroughMyLens എന്ന ഹാഷ്‌ടാഗ് ഉണ്ടായിരിക്കണം. രചനയിലെ തനതായ വീക്ഷണങ്ങൾ, സർഗ്ഗാത്മകത, ഫോക്കസ്, ലൈറ്റിംഗ്, എക്‌സ്‌പോഷർ, ഫോട്ടോയുടെ ഗുണനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിധിനിർണയം. എല്ലാ എൻട്രികളും ഓഗസ്റ്റ് 15 വ്യാഴാഴ്ചയോടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചിരിക്കണം. വിജയിക്ക് iPhone 14 Pro സമ്മാനമായി ലഭിക്കും. വിജയിയെ ലോക ഫോട്ടോഗ്രാഫി ദിനമായ ഓഗസ്റ്റ് 18-ന് QNL സോഷ്യൽ മീഡിയ ചാനലുകളിൽ പ്രഖ്യാപിക്കും.
വിജയിയുടെ ഫോട്ടോകൾ ക്യുഎൻഎൽ സോഷ്യൽ മീഡിയയിലും പ്രദർശിപ്പിക്കും. മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ, സമർപ്പിച്ച ഫോട്ടോകൾ പ്രൊമോഷണൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുള്ള അവകാശം ക്യുഎൻഎല്ലിന് നൽകുമെന്ന് പങ്കെടുക്കുന്നവർ സമ്മതം നൽകണം. എന്നാൽ, ഫോട്ടോഗ്രാഫർക്ക് തന്നെ മുഴുവൻ ക്രെഡിറ്റ് നൽകുമെന്നും ക്യുഎൻഎൽ അതിന്റെ വെബ്‌സൈറ്റിൽ അറിയിച്ചു.