ന്യൂസ്‌റൂം ഇന്റർനാഷണൽ ഡെസ്ക്
തെൽ അവീവ്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിനെ ഒഴിവാക്കിയ ഭൂപടം കാണിച്ചതിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വ്യാപക പ്രധിഷേധം. തിങ്കളാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് വെസ്റ്റ് ബാങ്ക് ഇല്ലാത്ത ഡിജിറ്റൽ മാപ്പ് അദ്ദേഹം പ്രദർശിപ്പിച്ചത്.
ഇസ്രായേലിൻ്റെ കൊളോണിയൽ, വംശീയ അജണ്ടയുടെ നഗ്നമായ പ്രഖ്യാപനമാണ് ഇതെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
"അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമായാണ് മന്ത്രാലയം ഇതിനെ കാണുന്നത്. പ്രത്യേകിച്ച് ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റങ്ങൾ ഇസ്രായേൽ തുടരുന്നതിനാൽ അവരുടെ നിലനിൽപ്പും അവരുടെ നിയമാനുസൃതമായ ദേശീയ അവകാശങ്ങളും നിഷേധിക്കാനാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്"- വിദേശകാര്യ മന്ത്രാലയം എക്‌സിൽ കുറിച്ചു.
പലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേലിൻ്റെ പതിറ്റാണ്ടുകളായുള്ള അധിനിവേശം 'നിയമവിരുദ്ധ'മാണെന്നും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആളുകളെ "സമ്പൂർണമായി വേർപെടുത്തുന്നത്" അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും 2024 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി (ICJ) വ്യക്തമാക്കിയിരുന്നു.
ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഭൂപടത്തിൽ നിന്ന് അധിനിവേശ വെസ്റ്റ്ബാങ്ക് മായ്ച്ചത്, ഫലസ്തീൻ ജനതയെ തുടച്ചുനീക്കാനും അവരുടെ അവശേഷിക്കുന്ന പ്രദേശങ്ങൾ കൂടി പിടിച്ചെടുക്കാനും ലക്ഷ്യമിടുന്നതാണെന്ന് യുകെയിലെ ഫലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കും ഗസ മുനമ്പും ഇസ്രായേലിൻ്റെ ഭാഗമായി കാണിക്കുന്ന 'പുതിയ മിഡിൽ ഈസ്റ്റി'ന്റെ ഭൂപടം 2023 സെപ്തംബറിൽ യുഎൻ ജനറൽ അസംബ്ലിയിൽ നെതന്യാഹു പ്രദർശിപ്പിച്ചിരുന്നു.അതേസമയം, ഗസയിലെ കൂട്ടക്കുരുതിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നതിനിടയിലും ആക്രമണം തുടരുന്ന ഇസ്രായേൽ സേന ജബലിയ അഭയാർഥി ക്യാമ്പിൽ ബ്രഡ് വാങ്ങാൻ നിന്നവർക്ക് നേരെ നടത്തി. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയുടെ അൽ ഫഖൂറ സ്കൂളിന് മുന്നിലായിരുന്നു ആക്രമണം. ഒരു ചെറിയ കടയിൽ നിന്ന് ബ്രഡ് വാങ്ങാൻ കാത്തുനിന്നവർക്ക് നേരെയാണ് ആക്രമണം നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയിൽ 37 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും, 67 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖാൻ യൂനുസ്, റഫ നഗരങ്ങളിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ കഫർ ദാൻ പട്ടണത്തിൽ 16കാരിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. തുൽകറം അഭയാർഥി ക്യാമ്പിൽ ഡ്രോൺ ആക്രമണത്തിൽ 14കാരനും കൊല്ലപ്പെട്ടു. 22 ഫലസ്തീനികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തതായി ഫലസ്തീനിയൻ പ്രിസണർസ് ക്ലബ് അറിയിച്ചു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F