April 29, 2024
April 29, 2024
തിരുവനന്തപുരം: പാർട്ടിയിൽ വൻ വിവാദമായ പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇ.പി. ജയരാജന് പൂർണ പിന്തുണയുമായി സി.പി.എം. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കള്ളപ്രചാര വേല നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചു. വിഷയത്തിൽ തന്റെ നിലപാട് ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരിച്ചിരുന്നു. അത് വിലയിരുത്തിയാണ് ഇ.പിക്ക് പാർട്ടി പൂർണ പിന്തുണ പ്രഖ്യാപിച്ചത്.
തനിക്കെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതായി ജയരാജൻ പാർട്ടിയെ അറിയിച്ചതായി ഗോവിന്ദൻ വ്യക്തമാക്കി. നിയമപരമായി നടപടി സ്വീകരിക്കാൻ ജയരാജനെ പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദല്ലാൾ നന്ദകുമാറുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജയരാജന് നിർദേശം നൽകിയതായും ഗോവിന്ദൻ പറഞ്ഞു. നന്ദകുമാറുമായുള്ള ബന്ധം നല്ലതല്ലെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. ഇപ്പോൾ ബന്ധമില്ലെന്നാണ് ഇ.പി വ്യക്തമാക്കിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.വി. ഗോവിന്ദൻ.
‘‘ഇ.പി.ജയരാജൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞതാണ്. നടന്ന കാര്യങ്ങൾ വളരെ നിഷ്കളങ്കമായി പറഞ്ഞു. അദ്ദേഹം ആ പറഞ്ഞതിന്റെ പേരിൽ പ്രചാരവേല നടക്കുന്നുണ്ട്. പാർട്ടിക്ക് എല്ലാം ബോധ്യമായി. ആരോപണങ്ങൾക്കെതിരെ ഇ.പിക്ക് നിയമനടപടി സ്വീകരിക്കാം. ആരെയെങ്കിലും കണ്ടാൽ ഇടതു പ്രത്യയശാസ്ത്രം നശിക്കുമെന്ന് വിചാരിക്കേണ്ട. രാഷ്ട്രീയ എതിരാളികളെ കാണുമ്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നത് പൈങ്കിളി സങ്കൽപ്പമാണ്. .പിയുടെ തുറന്നുപറച്ചിൽ തിരഞ്ഞെടുപ്പിൽ ദോഷമാകില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ല. സാധാരണ കൂടിക്കാഴ്ച പാർട്ടിയെ അറിയിക്കേണ്ടതില്ല. രാഷ്ട്രീയം പറഞ്ഞെങ്കിൽ മാത്രം പാർട്ടിയെ അറിയിച്ചാൽ മതി.’’– ഗോവിന്ദൻ പറഞ്ഞു.
പാർട്ടി പിന്തുണച്ചതോടെ ഇ.പി. ജയരാജൻ എൽ.ഡി.എഫ് കൺവീനറായി തുടരും. വടകരയിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോൺഗ്രസ് വർഗീയ ധ്രുവീകരണം ഏറ്റുപിടിച്ചു. മോദിയുടെ ഗാരന്റി ജനം തള്ളിയെന്നും ദേശീയതലത്തിൽ ബി.ജെ.പി ദുർബലമാകുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/Iq3CVicSDrS1LvIBvvkToc
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F