തിരുവനന്തപുരം : മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 14 വയസുകാരന് നിപയെന്ന് സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലും പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനയിലുമാണ് നിപ സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ 30 മുറികൾ സജ്ജീകരിച്ചിട്ടുണ്ട്. ഹൈ റിസ്ക് ഉള്ളവരുടെ സാമ്പിൾ പരിശോധിക്കും. മറ്റ് ജില്ലകളിലുള്ള ഉദ്യോഗസ്ഥരും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പക്കുള്ള എല്ലാ പ്രേട്ടോക്കോളും ചെയ്തതായും മന്ത്രി അറിയിച്ചു.
കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് കൂടി പനി ബാധിച്ചു. പ്രദേശത്ത് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്.
0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.